ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ലയിപ്പിക്കാന്‍ കേന്ദ്രം; സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാനും നീക്കം

പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും നേരിട്ട്‌ പണം നൽകാതെ നവീകരണ പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാൻ സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്‌) നടപ്പാക്കും. 4ജി സ്‌പെക്ട്രം അനുവദിക്കും. 4ജിയുടെ വിലയായ 20,140 കോടി രൂപ ഇരുസ്ഥാപനത്തിലുമുള്ള സർക്കാര്‍ നിക്ഷേപമായി കണക്കാക്കും.

രണ്ട് കമ്പനിയും ലയിപ്പിക്കാന്‍ അനുമതി നൽകി. എന്നാല്‍, മഹാന​ഗര്‍ ടെലിഫോണ്‍ നി​ഗം (എംടിഎൻഎല്‍) ഓഹരിവിപണിയിൽ ലിസ്‌റ്റ്‌ചെയ്‌ത കമ്പനിയായതിനാൽ ലയനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന്‌ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്‌ പറഞ്ഞു. രണ്ട്‌ സ്ഥാപനങ്ങളുടെയും ആസ്‌തി വിറ്റ്‌ 30,000 കോടി സമാഹരിക്കും. ഓഹരി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സ്വയംവിരമിക്കൽ പദ്ധതിയുടെ ചെലവ്‌ കേന്ദ്രം വഹിക്കും.ഇതിന്‌ 17,169 കോടി രൂപ വേണ്ടിവരും. ബിഎസ്‌എൽഎല്ലിൽ 1.76 ലക്ഷം ജീവനക്കാരും എംടിഎൻഎല്ലിൽ 22,000 ജീവനക്കാരുമാണ്‌ ഉള്ളത്‌. ജീവനക്കാരുടെ എണ്ണം പകുതിയാക്കാനാണ്‌ ലക്ഷ്യം.

ജീവനക്കാരെ കുറയ്‌ക്കാൻ ചെലവിടുന്ന പണം ബിഎസ്‌എൻഎല്ലിനു നേരിട്ട്‌ നൽകിയാൽ വിരമിക്കൽ പദ്ധതി നടപ്പാക്കാതെ സ്ഥാപനത്തിന്റെ വളർച്ച ഉറപ്പാക്കാമെന്ന്‌ ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി. എംടിഎൻഎല്ലുമായി ലയിപ്പിക്കാനുള്ള തീരുമാനം ഗുണത്തേക്കാൾ ദോഷം ചെയ്യും. എംടിഎൻഎല്ലിന്റെ 46 ശതമാനം ഓഹരികൾ വിറ്റഴിച്ചതാണ്‌. വിഎസ്‌എൻഎൽ നേരത്തെ ടാറ്റയ്‌ക്ക്‌ കൈമാറിയശേഷം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബിഎസ്‌എൻഎൽ–-എംടിഎൻഎൽ ലയനം നടപ്പാക്കുന്നത്‌ സ്വകാര്യവൽക്കരണത്തിനു സജ്ജമാക്കാനാണോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News