കടൽ കടന്ന്‌ ബാലരാമപുരത്തിന്‍റെ പരുത്തിനൂല്‍; 10 മാസത്തിനിടെ കയറ്റി അയച്ചത് 7 ലക്ഷം കിലോഗ്രാം

ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്‌ മിൽ 10 മാസത്തിനിടെ വിദേശത്തേക്ക് കയറ്റി അയച്ചത് ഏഴ് ലക്ഷം കിലോഗ്രാം പരുത്തിനൂൽ. തായ്‌ലൻഡ്, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് നൂൽ അയച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള കട്ടി നൂലുകൾ ജീൻസും കിടക്കവിരിയും നിർമിക്കാനാണ്‌ ഉപയോഗിക്കുന്നത്‌. സംസ്ഥാനത്തെ ഇതര മില്ലുകളിലെ കോട്ടൺ അവശിഷ്ടങ്ങളിൽനിന്നാണ് നൂൽ നിർമിക്കുന്നത്. 2018 നവംബറിലാണ് നൂൽ കയറ്റുമതി ആരംഭിച്ചത്.

ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നൂലിന് ആവശ്യക്കാരുണ്ട്. ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കും നൂൽ കൊണ്ടുപോകുന്നു. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ട്രിവാൻഡ്രം സ്പിന്നിങ്‌ മിൽ വ്യവസായവകുപ്പിന്റെ പിന്തുണയോടെയാണ്‌ ഗംഭീരമായി തിരിച്ചുവന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം 5.25 കോടി രൂപ വിറ്റുവരവ്‌ നേടി. 2016-–-17ൽ ഇത്‌ 1.98 കോടി രൂപയായിരുന്നു.

കൈത്തറിമേഖലയ്ക്ക് വേണ്ട നൂൽ ഉൽപ്പാദിപ്പിച്ച് വിതരണം നടത്താൻ ആരംഭിച്ച മിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 1998ൽ അടച്ചുപൂട്ടിയിരുന്നു. 2004ൽ ഹൈക്കോടതി ലിക്വിഡേറ്ററെയും നിയമിച്ചു. 2007ൽ അന്നത്തെ എൽഡിഎഫ് സർക്കാർ കമ്പനി ഏറ്റെടുത്ത്‌ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന്‌ യന്ത്രങ്ങൾ എത്തിച്ചു. നവീകരണ പ്രവർത്തനങ്ങൾക്ക് 4.5 കോടി രൂപ നൽകി. പ്രവർത്തനരഹിതമായിരുന്ന യന്ത്രങ്ങൾ നന്നാക്കി. തേയ്മാനം വന്ന യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചു. കഴിഞ്ഞ ബജറ്റിലും 7.5 കോടി രൂപ അനുവദിച്ചു. നവീകരണത്തിനുശേഷം ഉൽപ്പാദനമികവിലേക്കെത്തിയ സ്ഥാപനത്തിൽ 680 റോട്ടറുകൾ പ്രവർത്തിപ്പിച്ച് ദിവസം മൂന്ന്‌ ടണ്ണോളം ഉൽപ്പാദനം നടത്തുന്നു. 72 ജീവനക്കാർ ഇവിടെയുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News