ദുരന്തങ്ങളെ നേരിടാൻ പ്രാദേശിക ഭൂപടം; മാപ്പത്തോൺ കേരള പദ്ധതിക്ക് തുടക്കം

ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്ക് തുടക്കം. പാപ്പനംകോട് എൻജിനിയറിങ്‌ കോളേജിൽ നടന്ന സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയുടെ ഉദ്ഘാടനത്തിനൊപ്പം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കം കുറിച്ചു.

വിശദമായ ഭൂപടങ്ങളുടെ ആവശ്യം പ്രളയകാലത്ത് ബോധ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുവട്ടത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാനും പ്രാദേശികമായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യാനും ഇത് ആവശ്യമാണ്. പ്രളയജലത്തെ വേഗത്തിൽ വഴിതിരിച്ചുവിടാവുന്ന മാർഗങ്ങൾ, പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാവുന്ന വഴികൾ, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താവുന്ന ബദൽമാർഗം എന്നിവ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയണം. അതിന് ഇത്തരത്തിലുള്ള ഭൂപടം ആവശ്യമാണ്. പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രാദേശിക ഭൂപടമുണ്ടെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓപ്പൺ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയാണ് മാപ്പത്തോൺ കേരള ഭൂപടം തയ്യാറാക്കുക. സംസ്ഥാന ഐടി മിഷനും നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തകരും പദ്ധതിയിൽ കൈകോർക്കും. തുടർഘട്ടങ്ങളിൽ തങ്ങളുടെ പ്രദേശത്തെ വിശദവിവരങ്ങൾ ഭൂപടത്തിലേക്ക് ചേർക്കാൻ തയ്യാറുള്ള ആർക്കും ഇതിൽ പങ്കാളിയാകാം. ഒ രാജഗോപാൽ എംഎൽഎ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News