യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ്; 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് ഉജ്ജ്വലവിജയം; അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ്; ദയനീയ പ്രകടനവുമായി ബിജെപി

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് വിജയം.

സകല മതസാമുദായിക ശക്തികളും ഒന്നിച്ച് എതിര്‍ത്തിട്ടും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് 14,465 വോട്ടുകള്‍ക്ക് വിജയിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ മണ്ഡലത്തിലാണ് ഇടതുപക്ഷത്തിന്റെ കുതിപ്പ്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം ലീഡ് നേടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കൂടിയായ വികെ പ്രശാന്തിന്റെ ഉജ്വല വിജയം.

23 വര്‍ഷം യുഡിഎഫ് കോട്ട തകര്‍ത്താണ് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്. 9953 വോട്ടുകള്‍ക്കാണ് വിജയം.  വികസനപ്രശ്നങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും, വര്‍ഗീയത പറഞ്ഞ് വോട്ടുനേടാന്‍ ശ്രമിച്ച ബിജെപിയ്ക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ചത്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് വിജയിച്ചു. 3750 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. അരൂരില്‍ 2079 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനും മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 7923 വോട്ടുകള്‍ക്കും വിജയിച്ചു.

അതേസമയം,സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച. ബിജെപി വലിയ വിജയം അവകാശപ്പെട്ടിരുന്ന പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല.

മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായതും 348 വോട്ട് വര്‍ധിച്ചതുമാണ് ആകെ ആശ്വാസം. അതേ സമയം മറ്റെല്ലായിടങ്ങളിലും നേരത്തെ ലഭിച്ച വോട്ടുകള്‍ ഗണ്യമായി കുറയുകയും ചെയ്തു. ശബരിമലയിലെ സുപ്രീം കോടതി വിധി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പ്രചാരണായുധമാക്കിയിട്ടും നേട്ടത്തിനേക്കാളേറെ കോട്ടമാണ് ബിജെപിക്കുണ്ടായതെന്നാണ് ശ്രദ്ധേയം.

വട്ടിയൂര്‍ക്കാവിലും കോന്നിയിലുമായിരുന്നു ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടുകൾ ഗണ്യമായി കുറഞ്ഞു.

കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ അവസാന ഘട്ടത്തിലാണ് എസ് സുരേഷിനെ രംഗത്തിറക്കിയത്. 2016-ലും 2019-ലും കുമ്മനം രാജശേഖരനാണ് ബിജെപിക്കിവിടെ രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. 27453 വോട്ടുകള്‍ മാത്രമെ എസ് സുരേഷിന് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ നേടാനായുള്ളൂ. 2019-ല്‍ 50709 ഉം 2016-ല്‍ 43700 ഉം വോട്ടുകള്‍ ബിജെപി ഇവിടെ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here