കശ്‌മീരിൽ കടുത്ത മാനുഷികപ്രതിസന്ധി; സാധാരണസ്ഥിതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിനുമേല്‍ സമ്മർദം

കശ്‌മീർ വിഷയത്തിൽ അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യക്കുമേൽ സമ്മർദം ശക്തിപ്പെടുന്നു. കശ്‌മീരിൽ എത്രയുംവേഗം സാധാരണസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അമേരിക്കൻ ജനപ്രതിനിധിസഭയുടെ വിദേശസമിതിക്കു കീഴിൽവരുന്ന ഏഷ്യൻ ഉപസമിതിയില്‍ ആവശ്യമുയര്‍ന്നു.

യുഎസ്‌ ജനപ്രതിനിധി സഭാംഗങ്ങളും ഇന്ത്യൻ വംശജരുമായ പ്രമീളാ ജയപാലും ഷീല ജാക്‌സൺ ലീയും കശ്മീരിലെ മോഡി സർക്കാരിന്റെ അടിച്ചമര്‍ത്തല്‍നയത്തെ രൂക്ഷമായി വിമർശിച്ചു. കശ്‌മീരിൽ കടുത്ത മാനുഷികപ്രതിസന്ധിയാണ്‌ നിലനിൽക്കുന്നതെന്ന്‌ ഉപസമിതി അംഗങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി യുഎസ്‌ വിദേശവകുപ്പിൽ ദക്ഷിണേഷ്യൻ വിഷയം കൈകാര്യം ചെയ്യുന്ന ആലീസ്‌ വെൽസും മനുഷ്യാവകാശങ്ങൾക്കായുള്ള അസിസ്‌റ്റന്റ്‌ സെക്രട്ടറി റോബർട്ട്‌ ദെസ്‌ത്രോയും പറഞ്ഞു.

കശ്‌മീരിൽ ഇപ്പോഴും നിയന്ത്രണം തുടരുന്നതിനെയും മൂന്ന്‌ മുൻമുഖ്യമന്ത്രിമാരടക്കം നൂറുകണക്കിന്‌ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ഒരു കുറ്റവും ചുമത്താതെ തടവിൽ പാർപ്പിച്ചിരിക്കുന്നതിനെയും യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾ ചോദ്യംചെയ്‌തു. കുട്ടികളെപ്പോലും തടങ്കലിലാക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ വാഷിങ്‌ടണിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും ചെന്നൈ സ്വദേശിയുമായ പ്രമീള ജയപാൽ പറഞ്ഞു.

യുഎസിൽ അടുത്തിടെ സംഘടിപ്പിച്ച ഹൗഡിമോഡി ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധി സഭാംഗം ഷീലാ ജാക്ക്‌സൺ ലീയും കേന്ദ്ര സർക്കാർ നിലപാടിനെതിരായി രംഗത്തുവന്നു. ബ്രിട്ടനിലെ മുഖ്യപ്രതിപക്ഷമായ ലേബർ പാർടി, ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്ക്‌ കോൺഫറൻസ്, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളും കശ്‌മീരിലെ ഇന്ത്യൻ നടപടിയെ വിമർശിച്ച് രം​ഗത്തെത്തി.

മലേഷ്യയുടെ നിലപാടിന്‌ പകരമായി അവിടെനിന്ന്‌ പാമോയിൽ വാങ്ങില്ലെന്ന്‌ മുംബൈയിലെ സോൾവന്റ്‌ എക്‌സ്‌ട്രാക്‌റ്റേഴ്‌സ്‌ അസോസിയേഷൻ നിലപാടെടുത്തു. എന്നാൽ, ഇതുകൊണ്ടൊന്നും നിലപാട്‌ മാറ്റില്ലെന്ന്‌ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമദ്‌ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here