ഉപതെരഞ്ഞെടുപ്പ് വിജയം; പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് കോടിയേരി; ആര്‍എസ്എസിന് കേരളത്തില്‍ സ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അഞ്ച് മണ്ഡലങ്ങളിലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നതാണ്. ഇവിടെയാണ് രണ്ട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത്.

അരൂരിലെ പരാജയം ഈ വിജയങ്ങളുടെ തിളക്കം കെടുത്തുന്നതാണ്. പരാജയത്തിന്റെ വിശദാംശങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം സംസ്ഥാനത്ത് ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കി എന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്ത് പോയ വട്ടിയൂര്‍ക്കാവിലെയും മണ്ഡലം രൂപം കൊണ്ടതിന് ശേഷം ഇടതുപക്ഷം ജയിക്കാത്ത കോന്നിയിലെയും വലിയ വിജയം സൂചിപ്പിക്കുന്നത് അതാണ്. കോടിയേരി പറഞ്ഞു.

ലോകസഭാ ഇലക്ഷന്‍ ഘട്ടത്തില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനക്ഷേമ സര്‍ക്കാരിനുള്ള അംഗീകാരം കൂടിയാണ് ജനവിധി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനെതിരായ ജനങ്ങളുടെ പ്രതികരണമാണിത്. സംസ്ഥാനത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ അടിത്തറ ഭദ്രമാണെന്ന് ജനവിധി അടിവരയിടുന്നു.

ആര്‍എസ്എസിന് കേരളത്തില്‍ സ്ഥാനമില്ല. വിന്ധ്യാപര്‍വതത്തിനിപ്പുറത്തേക്ക് ആര്‍എസ്എസിനൊരു ഭരണം സാധ്യമല്ലെന്ന് കേരളം ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് വന്‍തിരിച്ചടിയാണ്. യുഡിഎഫിനും ഫലം കനത്ത തിരിച്ചടി നല്‍കുന്നു. ജാതി മത ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയത് ചില സമുദായ സംഘടനകളെ കൂടെനിര്‍ത്തിയാല്‍ എന്തും സാധ്യമാണ് എന്നാണ്. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന ജനവിധിയാണെന്നും കോടിയേരി പറഞ്ഞു.

ജനവിധി അംഗീകരിച്ചുകൊണ്ട് കൂടുതല്‍ ജനക്ഷേമ ഇടപെടലുകള്‍ നടത്താന്‍ ഇടതുമുന്നണിക്ക് ഈ ജനവിധി കരുത്താകും. സിപിഐ എമ്മിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനങ്ങള്‍ പ്രതീക്ഷയോടെ ഇടതുപക്ഷത്തെ നോക്കിക്കാണുന്നു. ജനവിധി ഇടതുപക്ഷ പ്രവര്‍ത്തകരെ കൂടുതല്‍ വിനയാന്വിതരാക്കണം. കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. ഇത് കേരളത്തിലെ ജനാധിപത്യ മതേതര ശക്തികളുടെ വിജയമാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News