യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ്; 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് ഉജ്ജ്വലവിജയം

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് വിജയം.

സകല മതസാമുദായിക ശക്തികളും ഒന്നിച്ച് എതിര്‍ത്തിട്ടും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് 14,465 വോട്ടുകള്‍ക്ക് വിജയിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ മണ്ഡലത്തിലാണ് ഇടതുപക്ഷത്തിന്റെ കുതിപ്പ്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം ലീഡ് നേടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കൂടിയായ വികെ പ്രശാന്തിന്റെ ഉജ്വല വിജയം.

23 വര്‍ഷം യുഡിഎഫ് കോട്ട തകര്‍ത്താണ് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്. 9953 വോട്ടുകള്‍ക്കാണ് വിജയം. വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും, വര്‍ഗീയത പറഞ്ഞ് വോട്ടുനേടാന്‍ ശ്രമിച്ച ബിജെപിയ്ക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ചത്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് വിജയിച്ചു. 3750 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. അരൂരില്‍ 2079 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനും മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 7923 വോട്ടുകള്‍ക്കും വിജയിച്ചു.

അതേസമയം, അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎ പിന്നിലാണ്.

കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ് കുമാറും മൂന്നാം സ്ഥാനത്താണ്.

എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎയുടെ സി ജി രാജഗോപാലും മൂന്നാം സ്ഥാനത്താണ്. അരൂരിലും എന്‍ഡിഎയുടെ പ്രകാശ് ബാബുവിന് 1057 വോട്ട് നേടാനെ സാധിച്ചിട്ടുള്ളു. മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News