വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം; എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണ്: വെള്ളാപ്പള്ളി

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍.

എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വെറും പരാജയമാണെന്നും വെള്ളാപ്പളളി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസുകാരുടെ തലയില്‍ ചകിരിച്ചോറാണെന്നും സമുദായത്തിന്റെ തടവറയില്‍ നിന്നുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ലെന്നും വെള്ളാപ്പളളി പരിഹസിച്ചു.

മണവുമില്ല ഗുണവുമില്ലാത്ത മുല്ലപ്പള്ളിയെ കൊണ്ടു നടന്നാല്‍ കോണ്‍ഗ്രസ് കരിയുമെന്നും ആരുടെയും വിജയത്തിന്റെ പൈതൃകം ഏറ്റെടുക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു സമുദായാംഗത്തെ അരൂരില്‍ വേണമെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് പരാജയമെന്ന് തെളിഞ്ഞെന്നും കോന്നിയും വട്ടിയൂര്‍ക്കാവിലും ഇത് വ്യക്തമായല്ലോ എന്നും മുല്ലപ്പള്ളിയെ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെങ്കിലും പറഞ്ഞു മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്‍ ഡി എഫിന്റേത് വലിയ പരാജയമല്ലെന്നും ചില സമുദായങ്ങള്‍ ഒരുമിച്ചാല്‍ മറ്റുളവര്‍ മറുവശത്ത് ഒരുമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നും സമുദായങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം നവോത്ഥാനത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാക്കുകയാണ്. നവോത്ഥാനത്തിന്റെ പൊന്‍ തൂവലാണ് വട്ടിയൂര്‍ക്കാവും കോന്നിയും. വട്ടിയൂര്‍ക്കാവ് നേടിയത് അത്ഭുതകരമായ മാറ്റമാണ്.

ആരെയും തോല്‍പ്പിക്കാനും ജയിപ്പിക്കാനും എസ് എന്‍ ഡി പി യോഗമില്ലെന്നും ആര്‍ക്കും പിന്തുണ പറഞ്ഞിട്ടുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി ജെ പിയെ കേരളത്തില്‍ ആര്‍ക്കും വേണ്ട. കേരളത്തിന് ബി ജെ പിയെയും വേണ്ട. എന്‍ ഡി എ വിട്ടുപോകുന്നവരെപ്പോലും തടഞ്ഞു നിര്‍ത്തുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here