ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; സംസ്ഥാന ഘടകത്തില്‍ കലഹം

ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി ജെ പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും, ബി ജെ പി വിഷമയമാക്കിയ ശബരിമല ഉള്‍പ്പെടുന്ന കോന്നിയില്‍ ജനങ്ങള്‍ പിന്നിലാക്കിയതും വന്‍ തിരിച്ചടിയായി.

ഉപതെരഞ്ഞെടുപ്പ് ഫലം ബി ജെ പി സംസ്ഥാന ഘടകത്തില്‍ കലഹത്തിന് വഴിയൊരുക്കുന്നതിനപ്പുറം  പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യും.

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ജനങ്ങള്‍ വിധി എഴുതിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി തുടങ്ങിയ മണ്ഡലങ്ങള്‍ വിജയിക്കുമെന്ന് ബി ജെ പിക്ക് വലിയ പ്രതീക്ഷകളായിരുന്നെങ്കിലും വിജയിച്ചില്ലെന്ന് മാത്രമല്ല വോട്ട് നിലയില്‍ ബഹുദൂരം പിന്നിലാവുകയും ചെയ്തു.വലിയ പരാജയമാണ് ബി.ജെ.പി ക്ക് ഏറ്റതെങ്കിലും അതിനെ ന്യായീകരിക്കുന്ന പ്രതികരണമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബി ജെ പി നേരത്തേതിനേക്കാള്‍16247 വോട്ടുകള്‍ക്ക് പിന്നിലായി. 2019ല്‍ നടന്ന ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയവോട്ട് കണക്കാക്കുകയാണെങ്കില്‍ 27453വോട്ടാണ് കീശയില്‍ നിന്ന് നഷ്ടമായത്.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ യുഡിഎഫിന് പരസ്യമായി വോട്ട് ചോദിച്ച മണ്ഡലത്തില്‍ കരയോഗങ്ങളുടെ പേരില്‍ ബിജെപിയും വോട്ടഭ്യര്‍ത്ഥന നടത്തി. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മേയര്‍ വി കെ പ്രശാന്തിന്റെ ജനസമ്മതിക്ക് മുന്നില്‍ എല്ലാ ജാതി സമവാക്യങ്ങളും തകര്‍ന്നടിയുകയും ചെയ്തു.

2016ല്‍ കേവലം 86വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തേക്കെത്തിയ മഞ്ചേശ്വരവും ഇത്തവണയും പിന്തുണച്ചില്ല. ശബരിമല വിഷമയമാക്കാന്‍ നേതൃത്വം നല്‍കിയ സാക്ഷാല്‍ കെ സുരേന്ദ്രനെ തന്നെ ശബരിമല മണ്ണായകോന്നയില്‍ ഇറക്കി പിടിക്കാമെന്ന് കരുതിയെങ്കിലും പി ജെ പിയുടെ ആ പദ്ധതിയും പൊളിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 46,506 വോട്ടുകള്‍ ലഭിച്ച മണ്ഡലത്തില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ 6720 വോട്ടുകള്‍ കുറഞ്ഞു. സഭയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദം കെ സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും വോട്ട് എണ്ണിയപ്പോള്‍ ഇതും പ്രതിഫലിച്ചില്ല.

എറണാകുളത്തും അരൂരിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു കുറഞ്ഞതും ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലെ തിരിച്ചടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ശക്തി പകരും.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ളവ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ശബരിമല വിഷയം ജനങ്ങള്‍ തള്ളിയതും ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തില്‍ ബി ജെ പി ക്ക് വളക്കൂറില്ലെന്ന് തെളിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News