അധികാരത്തിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബി ജെ പിയുടെ മങ്ങിയ പ്രകടനത്തെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു എൻ സി പി നേതാവ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ കോൺഗ്രസ് പരാജയമായപ്പോൾ അസുഖത്തിന്റെ അവശതകൾ പോലും മാറ്റി വച്ച് പ്രതിപക്ഷത്തെ ഒറ്റയാനായി നയിക്കുകയായിരുന്നു ശരദ് പവാർ.

തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ മഹാരാഷ്ട്രയിലെ സതാരയിൽ മഴ നനഞ്ഞു നിന്ന് പ്രസംഗിക്കുന്ന എൻ സി പി നേതാവിന്റെ വീഡിയോ വൈറൽ ആയിരുന്നു. കൂറുമാറ്റത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും പവാർ പറഞ്ഞു.

എൻ സി പിയിൽ നിന്നും മറുകണ്ടം ചാടിയ നേതാക്കളെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു പവാർ. അടുത്ത കാലത്തായി എന്സിപിയിൽ നിന്നും നിരവധി നേതാക്കൾ ബി ജെ പിയിലേക്കും ശിവസേനയിലേക്കും ചുവട് മാറിയിരുന്നു.

ശിവസേനയ്ക്ക് അധികാരത്തിലേറാൻ കോൺഗ്രസ്സും എൻ സി പിയും പിന്തുണ നൽകിയേക്കാമെന്ന വാർത്ത ശരദ് പവർ നിഷേധിച്ചു. അത്തരമൊരു നിർദ്ദേശമുണ്ടായിട്ടില്ലെന്നും സർക്കാർ രൂപീകരിക്കാനല്ല ജനവിധി മാനിച്ചു പ്രതിപക്ഷത്ത് ഇരിക്കാനാണ് പാർട്ടി തീരുമാനമെന്നും ശരദ് പവാർ പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എൻ സി പി സഖ്യം ശക്തമായ മുന്നേറ്റമാണ് കാഴ്ച വച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പാർട്ടിയുടെ നില ഉയർത്തുവാൻ കഴിഞ്ഞതും കോൺഗ്രസിനേക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞതും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എൻ സി പിയുടെ സ്വാധീനം വർദ്ധിപ്പിച്ചിരിക്കയാണ് .