ഉപതെരഞ്ഞെടുപ്പ്‌ ഫലം എൽഡിഎഫ്‌ സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ്‌ ആരുടെയെങ്കിലും “കോന്തലയ്‌ക്കൽ’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന്‌ തുടർച്ചയായി ലഭിക്കുന്ന മണ്ഡലങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഏത്‌ കൊടുങ്കാറ്റിലും ഉലയാത്ത കോട്ടയായാണ്‌ യുഡിഎഫ്‌ ഇവയെ കണ്ടിരുന്നത്‌. ആറിൽ മൂന്നിടത്ത്‌ എൽഡിഎഫ്‌ ജയിച്ചിരിക്കുന്നു.

അരൂരിൽ ഇടതുപക്ഷത്തിന്‌ ജയിക്കാനായില്ല. അത്‌ വിശദമായി പരിശോധിക്കും. സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 സീറ്റുകളാണ്‌ ഇടതുപക്ഷത്തിന്‌ ലഭിച്ചത്‌. ഉപതെരഞ്ഞെടുപ്പ്‌ കഴിയുമ്പോൾ അത്‌ 93 ആയി ഉയർന്നുവെന്നും പിണറായി പറഞ്ഞു.

എൽഡിഎഫിന്റെ ജനകീയാടിത്തറ കൂടുതൽ ശക്തമായി. എൽഡിഎഫിന്റെ വോട്ടും വർധിച്ചു. ഇത്‌ ഇടതുപക്ഷസർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്‌. നമ്മുടെ സംസ്ഥാനത്ത്‌ ജാതി, മത സങ്കുചിത ശക്തികൾക്ക്‌ വേരോട്ടമില്ലെന്നും ആ ശക്തികൾക്ക്‌ മേൽ മതനിരപേക്ഷ രാഷ്‌ട്രീയം വൻ വിജയം നേടുന്നുവെന്നുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ അടയാളപ്പെടുത്തുന്നത്‌.

വർഗീയതയുടെ വിഷവിത്തുകൾ ഈ മണ്ണിൽ വളരില്ല. പാല ആവർത്തിക്കുക തന്നെയാണ്‌. വട്ടിയൂർക്കാവിൽ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്ത്‌ നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകമാണ്‌.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുസ്ഥാനാർഥികൾ മൂന്നാംസ്ഥാനത്തായ മണ്ഡലമാണിത്‌. ഇവിടെയാണ്‌ എൽഡിഎഫിന്‌ വൻകുതിപ്പ്‌ സാധ്യമായത്‌. യുഡിഎഫ്‌, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം എൽഡിഎഫ്‌ വൻമുന്നേറ്റമുണ്ടാക്കി. നാട്ടിലെ യുവതയുടെ ആവേശം ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞതവണ യുഡിഎഫിന്‌ വട്ടിയൂർക്കാവിൽ ഇടതുപക്ഷത്തേക്കാൾ 10881 വോട്ട്‌ ലഭിച്ചു. ഇപ്പോൾ അത്‌ മറികടന്ന്‌ 14465 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന്‌ സാധിച്ചു. കോന്നിയിൽ അടൂർപ്രകാശ്‌ 20748 വോട്ടിനാണ്‌ ജയിച്ചത്‌.

അവിടെ ജനീഷ്‌ കുമാർ 9953 വോട്ടിന്‌ ജയിച്ചു. ബിജെപി സീറ്റുകൾ നേടും എന്ന്‌ പ്രഖ്യാപിച്ചിരുന്നു. ബിജെപിയെയും അതിന്റെ വർഗീയ അജണ്ടകളെയും കേരളജനത തള്ളിക്കളഞ്ഞു എന്നാണ്‌ ജനവിധി വ്യക്തമാക്കുന്നത്‌. വട്ടിയൂർക്കാവിൽ രണ്ടാമതുണ്ടായ അവർ ഇപ്പോൾ മൂന്നാമതായി. ഫലപ്രദമായൊരു ത്രികോണ മത്സരം നടത്താൻ പോലും അവർക്കായില്ല.

ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ കൃത്രിമമായ ഒരു പ്രതീതി ഉണ്ടാക്കാനായി. എന്നാൽ അത്‌ താൽക്കാലികം മാത്രമാണെന്ന്‌ എൽഡിഎഫ്‌ വ്യക്തമാക്കിയിരുന്നു. ശക്തമായി തിരിച്ചുവരുമെന്ന്‌ അന്നുതന്നെ ഇടതുപക്ഷം പറഞ്ഞിരുന്നു. അതാണ്‌ അക്ഷരം പ്രതി ശരിയായത്‌‐ മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ മൂന്നാം വർഷത്തിലേക്ക്‌ കടക്കുകയാണ്‌. സർക്കാരിന്റെ നവകേരള നിർമിതിക്കായുള്ള പ്രയത്നങ്ങൾക്ക്‌ വിജയം കൂടുതൽ ആവേശം നൽകുന്നു. യുഡിഎഫിനെ അപ്രസക്തമാക്കുന്നതാണ്‌ ജനവിധി. സ്ഥാനാർഥി നിർണയത്തിലടക്കം പുറംകരാർ നടക്കുന്നു എന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടു. 3673 വോട്ടുകൾക്കാണ്‌ എറണാകുളത്ത്‌ ഡിസിസി പ്രസിഡന്റുകൂടിയായ സ്ഥാനാർഥി ജയിക്കുന്നത്‌. ജയിച്ചെങ്കിലും യുഡിഎഫിന്‌ വൻവോട്ടുചോർച്ചയുണ്ടായി.

അഖിലേന്ത്യാ തലത്തിൽ ബിജെപിയുടെ മോഹങ്ങൾക്ക്‌ തിരിച്ചടിയാണ്‌. ഹരിയാനയിൽ അവരുടെ “മിഷൻ 75′ പദ്ധതി തകർന്നു. കേവലഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. എക്‌സിറ്റ്‌പോളുകളെ അപ്രസക്തമാക്കി.

ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപി കടുത്ത ജന രോഷത്തിന്‌ വിധേയമാവുകയാണ്‌. എന്നാൽ കേരളത്തിൽ ഇടത്‌പക്ഷ സർക്കാരിനുള്ള ജനപിന്തുണയാണ്‌ ജനം നൽകിയത്‌. സർക്കാർ എന്ന നിലയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കും.

എല്ലാവിധ ദുഷ്‌പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ്‌ സർക്കാരിനും ഇടതുപക്ഷത്തിനും പിന്തുണ നൽകിയ ജനങ്ങൾക്ക്‌ നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിജയികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.