തെരഞ്ഞെടുപ്പിലെ തിളക്കമില്ലാത്ത പ്രകടനത്തോടെ ആശങ്കയിലായ ബി ജെ പി ക്യാമ്പ് ശിവസേനയുടെ വിലപേശൽ ശേഷിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ധവ് താക്കറെയും അമിത് ഷായും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് 50-50 ഫോർമുലയുടെ ധാരണയായത്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന നടത്തുന്ന സമ്മർദ്ദത്തിനോട് മുഖം തിരിക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.

പതിനഞ്ചോളം വിമതന്മാർ ഇതിനകം താനുമായി ബന്ധപ്പെട്ടുവെന്നും കൂടുതൽ പേർ മുന്നോട്ട് വരുവാൻ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയാണ് ശിവസേന ക്യാമ്പിനെ വരുതിയിലാക്കാൻ ഫഡ്‌നാവിസ് ശ്രമിക്കുന്നത്.

ആദിത്യ താക്കറെയെ മുഖ്യമന്ത്രി കസേരയിലിരുത്തുവാനുള്ള ഉദ്ധവ് താക്കറെയുടെ നീക്കത്തിനും തടയിടുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.

മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരും മുഖ്യമന്ത്രിയും തുടർ ഭരണത്തിനായി തിരഞ്ഞെടുത്തതെന്ന ഫഡ്നാവിസിന്റെ പ്രസ്താവന താക്കറെ കുടുംബത്തിനുള്ള താക്കീത് കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫലമറിഞ്ഞയുടനെ ഉദ്ധവ് താക്കറെ നടത്തിയ പത്ര സമ്മേളനത്തിലും പറയാതെ പറഞ്ഞത് ബി ജെ പിയുമായുള്ള പൊരുത്തക്കേടുകളെ കുറിച്ചാണ്. ഇനിയൊരു വിട്ടു വീഴ്ചക്ക് ശിവസേനയെ കിട്ടില്ലെന്നും ഉദ്ധവ് തുറന്നടിച്ചു.