കാത്തിരിപ്പിന്‌ അവസാനം. സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ബംഗ്ലാദേശിനെതിരായി നവംബർ മൂന്നിന്‌ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമിൽ ബാറ്റ്‌സ്‌മാനായാണ്‌ സഞ്ജു ഇടംപിടിച്ചിരിക്കുന്നത്‌. ട്വന്റി–20യിൽ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിക്ക്‌ വിശ്രമം അനുവദിച്ചിട്ടുണ്ട്‌. രോഹിത്‌ ശർമയാണ്‌ ക്യാപ്‌റ്റൻ. ടെസ്റ്റ്‌ ടീമിൽ മാറ്റമില്ല. സഞ്ജുവിനൊപ്പം ശാർദുൽ താക്കൂറും യുശ്‌വേന്ദ്ര ചഹാലും ടീമിൽ തിരികെ എത്തിയപ്പോൾ മുംബൈയുടെ ഓൾറൗണ്ടർ ശിവം ദൂബെ ആദ്യമായി ടീമിൽ ഇടംകണ്ടെത്തി. ലോകകപ്പിനുശേഷം കളിക്കാതിരിക്കുന്ന മഹേന്ദ്രസിങ്‌ ധോണി ഇത്തവണയും ടീമിൽ ഇല്ല.

2015ൽ സിംബാബ്‌വെയ്‌ക്കെതിരെ ഒരു ട്വന്റി– 20യിലേ സഞ്ജു ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുള്ളു. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം രണ്ടാമതും സഞ്ജുവിന്‌ അവസരം നൽകി. വിക്കറ്റ്‌ കീപ്പറായി ഋഷഭ്‌ പന്തിന്‌ ഒരവസരം കൂടി സെലക്ടർമാർ നൽകി. കരുതൽ വിക്കറ്റ്‌ കീപ്പറായും സഞ്ജുവിനെ പരിഗണിച്ചിട്ടുണ്ട്‌. രവീന്ദ്ര ജഡേജ ട്വന്റി-20 ടീമിൽനിന്നു പുറത്തായി. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതിനെ തുടർന്നാണ് കോഹ്‌ലിക്ക്‌ വിശ്രമം അനുവദിച്ചത്‌. മുഖ്യ സെലക്ടർ എം എസ്‌ കെ പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സെലക്‌ഷൻ കമ്മിറ്റി യോഗമാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. നവംബർ മൂന്നിന്‌ ഡൽഹിയിലാണ്‌ മൂന്ന്‌ മത്സര ട്വന്റി–20 പരമ്പര. നവംബർ 14നാണ്‌ രണ്ട്‌ മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയ്‌ക്ക്‌ തുടക്കമാകുന്നത്‌.

ട്വന്റി 20 – രോഹിത്‌ ശർമ (ക്യാപ്‌റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ്‌ അയ്യർ, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌, വാഷിങ്‌ടൺ സുന്ദർ, ക്രുണാൾ പാണ്ഡ്യ, യുശ്‌വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ദീപക്‌ ചഹാർ, ഖലീൽ അഹമ്മദ്‌, ശിവം ദൂബെ, ബൊർദുൽ താക്കൂർ.
ടെസ്റ്റ്‌

വിരാട്‌ കോഹ്‌ലി (ക്യാപ്‌റ്റൻ), രോഹിത്‌ ശർമ, മായങ്ക്‌ അഗർവാൾ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ ഷമി, ഉമേഷ്‌ യാദവ്‌, ഇശാന്ത്‌ ശർമ, ശുഭ്‌മാൻ ഗിൽ, ഋഷഭ്‌ പന്ത്‌.

സഞ്‌ജു സാംസന്റെ മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വാതിൽ തുറന്നു. ആഭ്യന്തര ക്രിക്കറ്റിലെ ഉജ്വല പ്രകടനമാണ്‌ ഈ വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്‌മാന്‌ വീണ്ടും അവസരമൊരുക്കിയത്‌. 2015ലാണ്‌ സഞ്‌ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തിയത്‌. സിംബാബ്‌വെയ്‌ക്കെതിരായ കളിയിൽ തിളങ്ങാനായില്ല. 24 പന്തിൽ 19 റണ്ണെടുത്ത്‌ പുറത്തായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉൾപ്പെട്ടെങ്കിലും ഇറങ്ങിയില്ല. ബാറ്റിങ്ങിൽ സ്ഥിരതയില്ലാത്തതിനെ തുടർന്ന്‌ പിന്നീട്‌ ടീമിലെത്താനായില്ല.വിജയ്‌ ഹസാരെ ട്രോഫിയിലെ ഉജ്വല പ്രകടനമാണ്‌ സഞ്‌ജുവിന്റെ തിരിച്ചുവരവ്‌ സാധ്യമാക്കിയത്‌. ഗോവയ്‌ക്കെതിരായ ഇരട്ട സെഞ്ചുറി (212*) ലോക റെക്കോഡായിരുന്നു. 16, 67, 36, 48, 16, 212* എന്നിങ്ങനെയാണ്‌ ടൂർണമെന്റിൽ സഞ്‌ജുവിന്റെ സ്‌കോറുകൾ.

ഐപിഎലിലെ ഉശിരൻ പ്രകടനങ്ങളും സെലക്‌ടർമാർ കണക്കിലെടുത്തു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സെപ്‌തംബറിൽ നടന്ന ഏകദിന പരമ്പരയിൽ മികവുകാട്ടി. അവസാന രണ്ടു കളിക്കുള്ള ടീമിലാണ്‌ ഉൾപ്പെട്ടത്‌. ആദ്യത്തേതിൽ ഒരു റണ്ണിന്‌ പുറത്തായി. അവസാന കളിയിൽ 48 പന്തിൽ 91 റൺ. ഏഴ്‌ സിക്‌സറും ആറ്‌ ബൗണ്ടറികളും. അതിന്റെ തുടർച്ചയായിരുന്നു വിജയ്‌ ഹസാരെയിലെ പ്രകടനം. അടുത്തവർഷം ഒക്‌ടോബറിലാണ്‌ ട്വന്റി–-20 ലോകകപ്പ്‌. അതിനുമുമ്പ്‌ ഒട്ടേറെ പരമ്പരകൾ നടക്കാനുണ്ട്‌. ഈ പരമ്പരയിൽ തിളങ്ങിയാൽ സഞ്‌ജു ലോകകപ്പ്‌ ടീമിലെത്തും.