ബിജെപിയെ വീഴ്‌ത്തിയത്‌ ജനകീയവിഷയങ്ങൾ; വോട്ടർമാർ നൽകിയത്‌ കനത്ത തിരിച്ചടി

അമിത ആത്മവിശ്വാസത്തിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക്‌ വോട്ടർമാർ നൽകിയത്‌ കനത്ത തിരിച്ചടി. 90 അംഗ നിയമസഭയിൽ 75ൽ അധികം സീറ്റ്‌ നേടി അധികാരത്തിലെത്തുമെന്ന്‌ ഉറച്ചുവിശ്വസിച്ച ബിജെപി 40 ൽ ഒതുങ്ങി. ഒരു പ്രതീക്ഷയുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ്‌ 31 സീറ്റും ഇതാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ദുഷ്യന്ത്‌ ചൗത്താലയുടെ ജനനായക്‌ ജനതാ പാർടി 10 സീറ്റും നേടി.

അഞ്ചുമാസം മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്ത്‌ മണ്ഡലത്തിലും ബിജെപിക്കായിരുന്നു ജയം. ഹിസർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഒന്നര ലക്ഷത്തിലേറെയായിരുന്നു ഭൂരിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 58.02 ശതമാനം വോട്ട്‌ നേടിയ ബിജെപി 79 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തി. 28.42 ശതമാനം വോട്ടുനേടിയ കോൺഗ്രസിന്‌ 10 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ്‌ മുന്നിലെത്താനായത്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുനില 36.45 ശതമാനത്തിലേക്ക്‌ ഇടിഞ്ഞു. 22 ശതമാനം കുറവ്‌. കോൺഗ്രസ്‌ 28 ശതമാനവും ജെജെപി 27 ശതമാനവും വോട്ടുനേടി കരുത്തുകാട്ടിയപ്പോൾ ഓംപ്രകാശ്‌ ചൗത്താലയുടെ ഐഎൻഎൽഡിക്ക്‌ 2.45 ശതമാനം വോട്ടുമാത്രമാണ്‌ കിട്ടിയത്‌. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്ന്‌ മൂന്നുശതമാനം വോട്ട്‌ ബിജെപിക്ക്‌ കൂടുതൽ കിട്ടിയെങ്കിലും ഏഴു സീറ്റ്‌ കുറഞ്ഞു. കോൺഗ്രസിന്‌ 2014 ലെ തെരഞ്ഞെടുപ്പിനെക്കാൾ എട്ട്‌ ശതമാനം വോട്ടുകൂടി.

കാർഷിക പ്രതിസന്ധിയും വ്യവസായ മുരടിപ്പും രൂക്ഷമായ തൊഴിലില്ലായ്‌മയുമാണ്‌ ബിജെപിക്ക്‌ തിരിച്ചടിയായത്. നോട്ടുനിരോധനത്തെത്തുടർന്ന്‌ ഹരിയാനയിലെ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണ്‌. ലക്ഷക്കണക്കിനാളുകൾക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. പ്രഖ്യാപിച്ച താങ്ങുവില കർഷകന്‌ ലഭിക്കാത്ത സ്ഥിതിയാണ്‌. പ്രതിപക്ഷം തീർത്തും ദുർബലമായിട്ടും ഈ ജീവൽപ്രശ്‌നങ്ങളാണ്‌ ബിജെപി സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച്‌ തോൽപ്പിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News