സിലിയെ കൊലപ്പെടുത്താൻ ഭർത്താവ് ഷാജു സഹായിച്ചെന്ന് ആവർത്തിച്ച് ജോളിയുടെ മൊഴി. ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പടുത്തി. ജോളിയെ ഇന്നും പോലീസ് ചോദ്യം ചെയ്യും.
തലശ്ശേരി ഡി വൈ എസ് പി, കെ വി വേണുഗോപാൽ, വടകര കോസ്റ്റൽ സി ഐ, ബി കെ സിജു എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച ജോളിയെ ഷാജുവിന്റെ പിതാവ് സഖറിയാസ് അമ്മ ഫിലോമിന എന്നിവർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തു. സിലിയെ കൊലപ്പെടുത്താൻ ഷാജു സഹായിച്ചെന്ന മൊഴി ജോളി ആവർത്തിച്ചു. പുലിക്കയത്തെ വീട്ടിൽ വിഷം കലർത്തിയ അരിഷ്ട കുപ്പി വച്ച സ്ഥലം ജോളി പോലീസിന് കാണിച്ച് കൊടുത്തു. സിലിയെ കൊലപ്പെടുത്താനുള്ള ആദ്യശ്രമം ജോളി നടത്തിയത് അരിഷ്ടത്തിൽ വിഷം കലർത്തിയായിരുന്നു.
പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും തെളിവെടുപ്പ് നടത്തി. സിലിക്ക് നൽകിയ ഗുളിക വാങ്ങിയതായി പറയുന്ന കോഴിക്കോട് നഗരത്തിലെ മരുന്നു കടയും ജോളി അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തു. കട അടഞ്ഞുകിടന്നതിനാൽ ഇവിടെ തെളിവെടുപ്പ് നടന്നില്ല. ജോളിയുടെ കുടുംബാംഗങ്ങളിൽ നിന്നും പോലീസ് മൊഴിയെടുത്തു. കട്ടപ്പനയിലെ മൂത്ത സഹോദരൻ, ജേഷ്ഠത്തിയുടെ ഭർത്താവ് എന്നിവർ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. ശനിയാഴ്ച നാല് മണിയോടെ ജോളിയുടെ പൊലീസ് കസ്റ്റഡി അവസാനിക്കും. അതിന് മുന്‍പ് സിലി കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.