ആർഎസ്എസ്സിന്റെ വിജയദശമി റാലിയെ വിശകലനം ചെയ്ത് പ്രകാശ് കാരാട്ട് ‘ദേശാഭിമാനി’യിൽ എ‍ഴുതിയ ലേഖനം.

2014ൽ മോഡി അധികാരത്തിലെത്തിയതിനുശേഷം വിജയദശമി ദിനത്തിൽ ആർഎസ്എസ് തലവൻ നടത്തുന്ന വാർഷിക പ്രസംഗത്തിന് പ്രാധാന്യം കൈവന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ദേശീയ വിഷയങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾ ഏത് ദിശയിലാണ് നീങ്ങേണ്ടത് എന്ന കാര്യത്തിൽ ആർഎസ്‌എസിനുള്ള അഭിപ്രായത്തിന്റെ സൂചന നൽകുന്നതായിരിക്കും അത്. ഈയിടെ നടത്തിയ വിജയദശമി പ്രസംഗത്തിൽ മോഹൻ ഭാഗവത് വെളിപ്പെടുത്തിയത് ആർഎസ്‌എസിൽനിന്ന് കിനിഞ്ഞിറങ്ങുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അപൂർണ ദർശനമാണ്.

ആൾക്കൂട്ടക്കൊലപാതകത്തെ “ലിഞ്ചിങ് ’ എന്ന് വിശേഷിപ്പിക്കുന്നതിനോട് അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.” അത്തരം സംഭവങ്ങൾ ഭാരതത്തിന്റെ പാരമ്പര്യത്തിന്‌ ചേർന്നതല്ല, പകരം മറ്റെവിടെയൊ ഉള്ളതാണെങ്കിലും, അവയെ ‘ലിഞ്ചിങ്’ എന്ന്‌ വിശേഷിപ്പിക്കുന്നത് നമ്മുടെ രാജ്യത്തെയും മുഴുവൻ ഹിന്ദു സമുദായത്തെയും അപകീർത്തിപ്പെടുത്താനും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്താനും വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് നടക്കുന്നത്.’ ഈയൊരൊറ്റ വാചകംവഴി ആർഎസ്‌എസിന്റെ ഇരട്ടത്താപ്പും കടുത്ത വർഗീയവീക്ഷണവുമാണ് വെളിപ്പെടുന്നത്. ആൾക്കൂട്ടക്കൊലപാതകങ്ങൾ നടക്കുന്നേയില്ല എന്ന മട്ടിൽ ഒറ്റയടിക്ക് നിഷേധിക്കുകയാണ് അദ്ദേഹം. ലിഞ്ചിങ് എന്ന വാക്ക് ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ ഒരർഥവും വ്യഞ്ജിപ്പിക്കുന്നില്ല.

കൊലയിലേക്കെത്തുന്ന ഏത് ആൾക്കൂട്ടാക്രമണത്തെയും വിശേഷിപ്പിക്കാവുന്ന ഒരു പ്രയോഗമാണത്. തന്റെ പ്രസംഗത്തിൽ ഭാഗവത് പറയുന്നത് മുഴുവൻ ഹിന്ദു സമുദായത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണത് എന്നാണ്. ന്യൂനപക്ഷ സമുദായങ്ങളെ ഗോ സംരക്ഷകർ ഉന്നമിടുന്നു എന്നകാര്യം അദ്ദേഹം അറിഞ്ഞമട്ടില്ല. പ്രസംഗത്തിൽ അദ്ദേഹം ഊന്നുന്നത്, അത്തരം സംഭവങ്ങൾ ഏകപക്ഷീയമല്ല എന്നുള്ള പല്ലവിയിലാണ്. ന്യൂനപക്ഷത്തെ അംഗീകരിക്കാൻപോലും അദ്ദേഹം കൂട്ടാക്കുന്നില്ല. ആൾക്കൂട്ടക്കൊലപാതകത്തെപ്പറ്റിയുള്ള ഒരു സർവേ വെളിപ്പെടുത്തിയത്, 2014നും 2019 നുമിടയ്‌ക്ക് 45 പേരാണ് ഗോസംരക്ഷകരാൽ കൊല്ലപ്പെട്ടത് എന്നാണ്. അതിൽ 39 പേരും മുസ്ലിങ്ങളായിരുന്നു. ഇതിൽ “കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന’ കിംവദന്തി പരത്തി ആൾക്കൂട്ടം തല്ലിക്കൊന്നവർ ഉൾപ്പെടില്ല.

ഇങ്ങനെ ഡസൻകണക്കിനാളുകൾ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതുകൊണ്ടാണ് 2018 ജൂലൈയിൽ സുപ്രീംകോടതി അതിനെ “ഭയാനകമായ ആൾക്കൂട്ട അക്രമവാഴ്‌ച’ എന്ന് അപലപിച്ചത്‌. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ സുപ്രീംകോടതി നിവാരണ നടപടികളും പരിഹാരനിർദേശങ്ങളും തയ്യാറാക്കി. ഇതിനെതിരെ നിയമം കൊണ്ടുവരാനും ഗോസംരക്ഷകരുടെ ആൾക്കൂട്ടക്കൊലകൾ വേണ്ടവിധം കൈകാര്യം ചെയ്യാനും കോടതി പാർലമെന്റിനോടാവശ്യപ്പെട്ടു.

ആൾക്കൂട്ടക്കൊല എന്നൊന്ന് സംഭവിക്കുന്നേയില്ല എന്ന് സ്ഥാപിക്കാനാണ് ആർഎസ്‌എസ്‌ മേധാവി ശ്രമിച്ചത്‌. ചില “സംഭവങ്ങൾ ബോധപൂർവം കെട്ടിച്ചമച്ചതാണ്, മറ്റു ചിലവ പ്രസിദ്ധപ്പെടുത്തിയത് വളച്ചൊടിച്ച മട്ടിലാണ് ’ എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. മാത്രമല്ല, സുപ്രീംകോടതി പറഞ്ഞതിന് നേർവിപരീതമായി അദ്ദേഹം വച്ചുപുലർത്തുന്നതും പ്രചരിപ്പിക്കുന്നതും, ഇത്തരം സംഭവങ്ങൾ നേരിടാൻ നിലവിലുള്ള നിയമങ്ങൾതന്നെ ധാരാളമാണ്‌ എന്നാണ്.

അത്തരമൊരു വീക്ഷണമുണ്ടാകുമ്പോൾ, ഭരണത്തിലുള്ള ആർഎസ്എസ്–- ബിജെപി കൂട്ടുകെട്ട് ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശം അവഗണിച്ചതിൽ അത്ഭുതമൊന്നുമില്ല. ആൾക്കൂട്ടക്കൊലപാതകത്തിനെതിരെ പാർലമെന്റിൽ ഒരു ബിൽ കൊണ്ടുവരാനോ ആൾക്കുട്ടക്കൊലപാതകക്കേസിൽ ഉടൻ നടപടികൾ കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകൾക്ക് നിർദേശം നൽകാനോ മോഡി സർക്കാർ സന്നദ്ധമല്ല.

ഭാഗവതിന്റെ അഭിപ്രായത്തിൽ ആൾക്കൂട്ടക്കൊലയുടെ ഉമ്മാക്കികാട്ടി ഇന്ത്യയെയും ഹിന്ദുക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഒരു ഗൂഢാലോചനയാണ് നടക്കുന്നത്. ഇത്തരം തലതിരിഞ്ഞ ചിന്തകളാണ്, പ്രധാനമന്ത്രിക്ക് കത്തയച്ച കലാകാരന്മാരും ബുദ്ധിജീവികളുമായ 49 പ്രമുഖ പൗരന്മാരുടെ നടപടിയെ രാജ്യദ്രോഹമായി നോക്കിക്കാണുന്നതിനും കേസ് ചാർജ് ചെയ്യുന്നതിനും പിന്നിൽ. രാജ്യത്തിന്റെ സ്വത്വവും നമ്മുടെയെല്ലാം സാമൂഹ്യസ്വത്വവും ദേശസ്വഭാവത്തിന്റെ സ്വത്വവും സംഘത്തിന്റെ നോട്ടത്തിൽ എന്തെന്ന് ആർഎസ്എസ് തലവൻ ഉച്ചത്തിൽ വ്യക്തമാക്കുന്നു: “ഭാരതം ഹിന്ദുസ്ഥാനാണ്, ഹിന്ദു രാഷ്ട്രവും.’ എല്ലാ ഭാരതീയരും ഹിന്ദുക്കളാണെന്ന്‌ അദ്ദേഹം തറപ്പിച്ചുപറയുന്നു. സ്ഥിരം ആർഎസ്‌എസ്‌ പല്ലവി അദ്ദേഹവും ആവർത്തിക്കുന്നു: “ഹിന്ദു സമുദായത്തെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ആവർത്തിച്ചുള്ള അടിസ്ഥാനരഹിതവും ദുഷിച്ചതുമായ കുറ്റാരോപണങ്ങളാണ്‌ നടത്തുന്നത്. സ്വഭാഷ (സ്വന്തം ഭാഷ), സ്വഭൂഷ (സ്വന്തം വേഷം), സ്വസംസ്കൃതി (സ്വന്തം സംസ്‌കാരം) എന്നിവയെക്കുറിച്ച്‌ സംസാരിച്ചുകൊണ്ട്‌ ആർഎസ്‌എസിന്റെ ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന ആശയം അദ്ദേഹം പുനരുജ്ജീവിപ്പിക്കുന്നു.

ഈ ഹിന്ദുത്വദർശനം അവതരിപ്പിച്ചശേഷം, ഭാഗവത് നീങ്ങുന്നത് സാമ്പത്തികനിലയെക്കുറിച്ച് പ്രതിപാദിക്കാനാണ്. വിദേശ മൂലധനത്തിനോടുള്ള മോഡി സർക്കാരിന്റെ ഭ്രാന്തൻ അഭിനിവേശത്തിനും സ്വകാര്യവൽക്കരണഭ്രമത്തിനും അദ്ദേഹം കൂട്ടുനിൽക്കുന്നു. “സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ ’ പല മേഖലകളിലും വിദേശ പ്രത്യക്ഷനിക്ഷേപം വേണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കണമെന്നും അദ്ദേഹം പ്രസ്‌താവിക്കുന്നു. സ്വാശ്രയത്വത്തെക്കുറിച്ചും സ്വദേശിയെക്കുറിച്ചുമുള്ള പതിവ് പല്ലവികളും ഇതോടൊപ്പം അദ്ദേഹം ആവർത്തിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും മൂടിവയ്‌ക്കാനാകില്ല, ബിജെപി സർക്കാരിന്റെ നവലിബറൽ നയങ്ങളോട് ആർഎസ്‌എസ്‌ പൂർണമായും ഐക്യപ്പെടുന്നുവെന്നകാര്യം. രാജ്യത്തെ കൽക്കരിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന് വിദേശ കമ്പനികൾക്ക് നൽകിയ ക്ഷണം, പ്രതിരോധമേഖലയിലെ ഉൽപ്പാദന യൂണിറ്റുകളും എണ്ണക്കമ്പനിയായ ബിപിസിഎല്ലും തൂക്കിവിൽക്കാനുള്ള തീരുമാനം -–- ഇതൊന്നുംതന്നെ സ്വയംപര്യാപ്തത വളർത്താനല്ല.

ഹിന്ദുത്വവും കോർപറേറ്റ് മൂലധനവും തമ്മിലുള്ള ഉരുകിയൊന്നിക്കൽ നടന്നുകഴിഞ്ഞുവെന്ന കാര്യം നാഗ്പുരിലെ വിജയദശമി പരിപാടികൾതന്നെ വ്യക്തമാക്കി. ആർഎസ്എസ് റാലിയിലെ മുഖ്യാതിഥി വൻകിട ബിസിനസുകാരനായ എച്ച്സിഎൽ ചെയർമാൻ ശിവ് നാഡാരായിരുന്നു. റാലിയിൽ അദ്ദേഹം സംസാരിച്ചത് ഒരു മണിക്കൂർ നേരമാണ്. ഇതാദ്യമായാണ് ഒരു വൻകിട കോർപറേറ്റ് തലവൻ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്നത് എന്നാണറിവ്. ചടങ്ങിൽ ഭാരത് ഫോർജ് ലിമിറ്റഡിന്റെ സിഇഒ ബാബാ കല്യാണിയും മറ്റനേകം പേരും പങ്കെടുത്തിരുന്നു. കോർപറേറ്റുകളും ആർഎസ്എസും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്നതാണ് ഇതൊക്കെ.

ഹിന്ദുത്വ ഏകാധിപത്യത്തിന്റെ മുഖ്യ ചാലകശക്തിയെന്നനിലയ്‌ക്ക് ഭാഗവത്, 370––ാം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്‌മീർ സംസ്ഥാനത്തെ പൊളിച്ചടുക്കുകയും ചെയ്‌ത മോഡി സർക്കാരിന്റെ നടപടികളെ പ്രകീർത്തിച്ചു. അഖണ്ഡ ഭാരതത്തെക്കുറിച്ചുള്ള ആർഎസ്എസ് വീക്ഷണത്തിൽ ഫെഡറലിസത്തിന് സ്ഥാനമേ ഇല്ലല്ലോ.
ആർഎസ്എസ് മുഖ്യന്റെ പ്രസംഗം രാജ്യത്ത് നടന്നുകഴിഞ്ഞ വലതുപക്ഷ ഏകീകരണത്തിന്റെ ദൃഷ്ടാന്തമാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ജനങ്ങളുടെ ജീവനോപാധിക്കും മൗലികാവകാശങ്ങൾക്കും നേരെയുള്ള പുതിയ കടന്നാക്രമണങ്ങളുടെ സൂചനകൾകൂടി അതിലുണ്ട്.