കോണ്‍ഗ്രസിനുളളില്‍ അസംതൃപ്തി പുകയുന്നു; സൗമിനി ജയിനിന് മേയര്‍ സ്ഥാനം നഷ്ടമാകുമെന്ന് സൂചന

ജയിക്കാനായെങ്കിലും കൊച്ചി നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അ‍ഴിമതിക്കും എതിരായ ജനവികാരം എറണാകുളത്തെ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളിലും വേണ്ടത്ര മുന്നേറ്റം നടത്താനാകാത്തത് ശുഭസൂചകമല്ലെന്ന് നേതാക്കള്‍ പറയുന്നു. യുഡിഎഫ് കോട്ടയില്‍ പോലും വിളളല്‍ ഉണ്ടായതോടെ സൗമിനി ജയിനിന് മേയര്‍ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.

എറണാകുളത്ത് യുഡിഎഫിന്‍റെ ശക്തികേന്ദ്രത്തിലുണ്ടായ വിളളല്‍ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളിലും വോട്ട് നില കുറഞ്ഞത് നഗരസഭയുടെ ഭരണപരാജയം തന്നെയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. മൂവായിരത്തില്‍പ്പരം വോട്ടിന് കഷ്ടിച്ച് മണ്ഡലം നിലനിര്‍ത്തിയെങ്കിലും ജനവിരുദ്ധ വികാരം കാണാതെ പോകരുതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇനിയെങ്കിലും നഗരസഭയുടെ തലപ്പത്ത് അ‍ഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. മേയര്‍ സൗമിനി ജയിനെതിരേ ചരടുവലികള്‍ നടത്തിയിരുന്നവര്‍ തെരഞ്ഞടുപ്പ്ഫലം പുറത്തുവന്നതോടെ പിടിമുറുക്കി ക‍ഴിഞ്ഞു. ഹൈക്കോടതിയുടെ പരമാര്‍ശവും തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോര്‍ച്ചയും കൊച്ചി നഗരസഭയുടെ ഭരണപരാജയം തന്നെയാണെന്ന കണക്കുകൂട്ടലിലാണിവര്‍. സൗമിനി ജയിനിനെ മാറ്റിയേക്കുമെന്ന സൂചന നല്‍കി ഹൈബി ഈഡന്‍ എംപിയും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിക്കുകയും ചെയ്തു.

ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വ‍ഴങ്ങി രണ്ടരവര്‍ഷത്തിന് ശേഷം രാജിവയ്ക്കാമെന്ന ധാരണയിലാണ് സൗമിനി ജയിനിനെ മേയറാക്കിയത്. എന്നാല്‍ രണ്ടരവര്‍ഷം ക‍ഴിഞ്ഞിട്ടും മേയര്‍ കസേര വിട്ടുനല്‍കാതെ സൗമിനി ജയിന്‍ തുടരുകയായിരുന്നു. കോണ്‍ഗ്രസിനുളളില്‍ തന്നെ പടലപ്പിണക്കങ്ങളും അസംതൃപ്തിയും പുകയുമ്പോ‍ഴാണ് ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്‍റുമായ ടി ജെ വിനോദ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നതും ലീഡ് നിലയില്‍ കൂപ്പുകുത്തിയതും. ഇതോടെ മേയര്‍ കസേരയില്‍ നിന്നും സ്വയം രാജിവച്ചിറങ്ങേണ്ട സ്ഥിതിയിലാണ് സൗമിനി ജയിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News