ഹരിയാനയിൽ സ്വതന്ത്ര എംഎൽമാരെ ഒപ്പം കൂട്ടി ബിജെപി സർക്കാർ രൂപീകരിക്കും. മനോഹൻലാൽ ഖട്ടർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. ബിജെപിയെ പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമായിരിക്കുമെന്ന് കോൺഗ്രസ് വിമർശിച്ചു.
അതേ സമയം 10 എംഎൽഎമാരുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജെ ജെപിയും ഇന്ന് നിലപാട് സ്വീകരിക്കും.

40 സീറ്റുകളുള്ള ബിജെപിക്ക് സർക്കാർ രൂപികരിക്കാൻ 6 എംഎൽമാരുടെ പിന്തുണ മതി. സർക്കാർ രൂപീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ഹരിയാണയുടെ ചുമതലയുള്ള അനിൽ ജെയിനും ദില്ലിയിൽ തുടരുകയാണ്.വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയുമായും അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഇന്ന് വൈകീട്ട് ഖട്ടർ ഗവർണറെ കാണും. നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം വിവാദ എംഎൽഎ ഗോപാൽ കണ്ടയുമായടക്കം ബിജെപി നേതാക്കൾ ചർച്ച നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.

എയർ ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗോപാൽ കണ്ടക്കെതിരെ ബിജെപി വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭുപിന്ദർ സിങ് ഹൂഡ മന്ത്രിസഭയിൽ അംഗമായിരുന്ന കണ്ട 2012-ൽ ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ബിജെപിയെ പിന്തുണക്കാനുള്ള സ്വതന്ത്ര എംഎൽഎമാരുടെ തീരുമാനം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതേസമയം 10 എംഎൽഎമാരുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി ദേശീയ എക്സിക്യുട്ടീവ് ഇന്ന് ചേരും. രണ്ട് ഭാഗത്ത് നിന്നും ഞങ്ങളുടെ പിന്തുണ തേടിയ സാഹചര്യത്തിൽ ആരെ പിന്തുണക്കണമെന്നതിൽ പാർട്ടി നിലപാട് സ്വീകരിക്കും