മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി.ഉത്തരവ് ഉത്തരവ് തന്നെയെന്നും ഒരുവരി പോലും മാറ്റില്ലെന്നും സുപ്രിംകോടതി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണം. ഇതിനായി നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മരടിലെ ഫ്‌ളാറ്റുകളുടെ സംഘടനയും ഫ്‌ളാറ്റ് ഉടമകളും നല്‍കിയ ഹര്‍ജികള്‍ തള്ളിയ കോടതി ഉത്തരവില്‍ നിന്ന് അല്പം പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.റിട്ട് ഹര്‍ജി സമര്‍പ്പിച്ചവരോട് നിശബ്ദരായി ഇരികാണാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര താകീത് നല്‍കി. സുപ്രീംകോടതിയില്‍ വന്ന് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കോടതി പൊതു ഇടമല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനാവുകയും ചെയ്തു.

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച് കാണിച്ചെങ്കിലും, ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു. രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.

ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.നിര്‍മാതാക്കള്‍ ഇതിനായി 20 കോടി രൂപ കെട്ടിവെക്കണമെന്നും ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറണമെന്നും നിര്‍ദേശിച്ചു.