ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണ. ജനമനസ്സ് ആരുടെയെങ്കിലും ‘കോന്തലയ്ക്കല്‍’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി. ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന് തുടര്‍ച്ചയായി ലഭിക്കുന്ന മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏത് കൊടുങ്കാറ്റിലും ഉലയാത്ത കോട്ടയായാണ് യുഡിഎഫ് ഇവയെ കണ്ടിരുന്നത്. ആറില്‍ മൂന്നിടത്ത് എല്‍ഡിഎഫ് ജയിച്ചിരിക്കുന്നു. അരൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനായില്ല. അത് വിശദമായി പരിശോധിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് 93 ആയി ഉയര്‍ന്നുവെന്നും പിണറായി പറഞ്ഞു.എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. എല്‍ഡിഎഫിന്റെ വോട്ടും വര്‍ധിച്ചു. ഇത് ഇടതുപക്ഷസര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. നമ്മുടെ സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ല.ആ ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നു.. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. പാല ആവര്‍ത്തിക്കുക തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകമാണ്.