ശരിദൂരം ശരിയെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമദൂരത്തിൽ നിന്നും മാറാനുള്ള കാരണം വിശ്വാസ സംരക്ഷണം മാത്രമാണെന്നും എൻ എസ് എസ് നിലവിൽ സ്വീകരിച്ച ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

വിശ്വാസം ഇല്ലാതാക്കാനും നവോത്ഥാനത്തിൻറെ പേരിൽ സംസ്ഥാന സർക്കാർ വർഗീയത വളർത്താനും ശ്രമിക്കുന്നുവെന്നാണ് സുകുമാരൻ നായരുടെ ആരോപണം. മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ ബോധപൂർവ്വം അവഗണിക്കുന്നു.

മുന്നാക്ക – പിന്നാക്ക വിഭാഗങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് സർക്കാർ ശ്രമിക്കുന്നു. മുന്നാക്ക വിഭാഗത്തിന് നീതി ലഭിക്കാൻ വേണ്ടിയാണ് ശരിദൂരം സ്വീകരിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കൂടാതെ വട്ടിയൂർകാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടാണ്. ശരിദൂരമണെങ്കിലും എൻ എസ് എസ് പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തടസമില്ലായിരുന്നു. പക്ഷെ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചുവെന്നും എൻ എസ് എസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.