എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ്

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. നഗരസഭാ പരിധിയില്‍പ്പെടുന്ന മണ്ഡലത്തിലെ തിരിച്ചടി കോര്‍പ്പറേഷന്‍ ഭരണപരാജയത്തിനെതിരായ ജനവിധിയാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. സൗമിനി ജയിനിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കുമെന്നാണ് സൂചന.

കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകളും ചേരാനല്ലൂര്‍ പഞ്ചായത്തും അടക്കം യുഡിഎഫിന്‍റെ പൊന്നാപുരംകോട്ടയെന്ന് വിശേഷിപ്പിച്ച എറണാകുളം മണ്ഡലത്തിലാണ് ഡിസിസി പ്രസിഡന്‍റും ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ് കഷ്ടിച്ച് കയറിക്കൂടിയത്.

31000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നിന്നും നാലായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലേക്ക് കൂപ്പുകുത്താന്‍ കാരണം കൊച്ചി നഗരസഭയുടെ ഭരണപരാജയവും അ‍ഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു.

വോട്ടെടുപ്പ് ദിനം വെളളക്കെട്ടിലായ കൊച്ചി നഗരസവാസികള്‍ നല്‍കിയ ജനവിധി നഗരസഭയ്ക്കെതിരായ പൊതുവികാരമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതോടെ സൗമിനി ജയിന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിക്ക‍ഴിഞ്ഞു. രണ്ടരവര്‍ഷത്തെ ധാരണപ്രകാരം മേയറായ എ ഗ്രൂപ്പ് പ്രതിനിധി സൗമിനി ജയിനിനെ മാറ്റാന്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ നേരത്തേ നീക്കം നടത്തിയെങ്കിലും തത്ക്കാലം തുടരാനായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എ,ഐ ഗ്രൂപ്പുകള്‍ ഒന്നാകെ ഇനിയും മേയറെ മാറ്റിയില്ലെങ്കില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതേസമയം നഗരപരിധിയില്‍ മാത്രമല്ല, ചേരാനല്ലൂര്‍ പഞ്ചായത്തിലടക്കം മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും വോട്ട് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് സൗമിനി ജയിനിനെ അനുകൂലിക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂരിപക്ഷം കുറഞ്ഞതിന്‍റെ ഉത്തരവാദിത്വം മേയറുടെ തലയില്‍കെട്ടിവച്ച് തടിയൂരാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്തായാലും മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിന്‍ മാറണമെന്ന ആവശ്യം സംസ്ഥാന നേതൃത്വവും സ്വീകരിച്ചതോടെ രാജി ഉടന്‍ വാങ്ങുമെന്നാണ് സൂചന.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുമ്പോള്‍ മേയറെയും നീക്കി നഗരസഭയുടെ തലപ്പത്ത് അ‍ഴിച്ചുപണി നടത്തി മുഖം മിനുക്കാമെന്ന കണക്കൂകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here