വർഗീയതയിലും തീവ്രദേശീയതയിലും ഊന്നിയ ബിജെപിയുടെ വൈകാരിക പ്രചാരണം മുമ്പത്തെപോലെ ഏശുന്നില്ലെന്നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്‌ഷായും ഹിന്ദുത്വദേശീയതയാണ് മുഖ്യപ്രചാരണ വിഷയമാക്കിയത്. മഹാരാഷ്ട്രയിൽ ബിജെപി–ശിവസേന സഖ്യം കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയെങ്കിലും ഹരിയാനയിൽ ഭൂരിപക്ഷം നേടാനായില്ല. അധികാരം നേടാൻ ബിജെപി അവരുടെ പതിവ് രാഷ്ട്രീയകുതിരക്കച്ചവടത്തിൽ മുഴുകി.
ജനവിധി അട്ടിമറിക്കുന്നത് തടയാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കണം. സാമ്പത്തികത്തകർച്ച രൂക്ഷമായതോടെ ജനങ്ങളുടെ ജീവിതഭാരം വർധിച്ചു. ഇതിനെതിരെ ശക്തമായ ജനകീയസമരങ്ങൾ ഉയരണം.
കേരളത്തിൽ യുഡിഎഫിൽനിന്ന് രണ്ട് സീറ്റ് പിടിച്ചെടുത്ത എൽഡിഎഫിനെ പിബി അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഐ എം നേടിയ വിജയം ശ്രദ്ധേയമാണ്. വിശ്വാസം അർപ്പിച്ച ജനങ്ങളെ പിബി അഭിവാദ്യം ചെയ്‌തു.

Get real time update about this post categories directly on your device, subscribe now.