കശ്‌മീരിൽ തുടരുന്ന കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ന്യൂഡൽഹിയിൽ ‘ഹിയർ അസ്‌’ സംഗമം സംഘടിപ്പിച്ചു. ജെഎൻയു, ഡൽഹി സർവകലാശാല, ജാമിയ മിലിയ സർവകലാശാല, ഉത്തരാഖണ്ഡിലെ വിവിധ കോളേജുകൾ എന്നിവിടങ്ങളിലെ കശ്‌മീരി വിദ്യാർഥികൾ കൂട്ടായ്‌മയിൽ പങ്കെടുത്തു.

ഭീതിദമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും കശ്‌മീർ ജനതയിൽ വർഗീയ വേർതിരിവോ അതിക്രമമോ ഉണ്ടായിട്ടില്ലെന്ന്‌ ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന ഹിലാൽ പറഞ്ഞു. പാമ്പുകടിയേറ്റ യുവാവ്‌ ചികിത്സ അന്യമായതിനാൽ മരണത്തിനു കീഴടങ്ങിയ ദാരുണ സംഭവമാണ്‌ ഒരു വിദ്യാർഥി പങ്കുവച്ചത്‌. കുടുംബങ്ങളിൽനിന്ന്‌ അകന്ന്‌ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന കശ്‌മീരി വിദ്യാർഥികൾ വിദ്വേഷ പ്രചാരണത്തിന്‌ ഇരയാകുന്നെന്ന്‌ നാസിർ അഹമ്മദ്‌ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധമായനീക്കം കശ്‌മീരി ജനങ്ങളുടെ ഉപജീവനമാർഗംകൂടി ഇല്ലാതാക്കിയെന്ന്‌ ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ ജനറൽസെക്രട്ടറി ഐജാസ്‌ അഹമ്മദ്‌ റാത്തർ പറഞ്ഞു.

നിരോധനാജ്ഞ കശ്‌മീരികൾക്ക്‌ അവിടെമാത്രമല്ല ഇന്ത്യയിലാകെ പ്രയാസം ഉണ്ടാക്കുന്നതായി എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ നിതീഷ്‌ നാരായണൻ, ദീപ്‌സിത ധർ എന്നിവർ സംസാരിച്ചു. സംഗമം സംടിപ്പിച്ച എസ്‌എഫ്‌ഐ ഓഫീസിനുചുറ്റും വലിയ സന്നാഹമാണ്‌ രഹസ്യാന്വേഷണ–പൊലീസ്‌.