കേരളത്തിൽ പരീക്ഷിച്ച്‌ പരാജയപ്പെട്ടവരെ നാടുകടത്തി ബിജെപി ദേശീയ നേതൃത്വം; കുമ്മനം പോയ വഴിയേ പിള്ളയും

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ വീണ്ടും മിസോറം പണിഷ്‌മെന്റുമായി ബിജെപി ദേശീയ നേതൃത്വം. കേരളത്തിൽ പരീക്ഷിച്ച്‌ പരാജയപ്പെടുന്ന നേതാക്കളെ നാടുകടത്തി പുനരധിവസിപ്പിക്കാൻ ഒരിക്കൽക്കൂടി ഇടമാവുകയാണ്‌ ഐസ്വാളിലെ രാജ്‌ഭവൻ. കഴിഞ്ഞവർഷം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ്‌ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറമിലേക്ക്‌ കടത്തിയത്‌. പി എസ്‌ ശ്രീധരൻപിള്ളയായിരുന്നു അന്ന്‌ ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥി. വിജയപ്രതീക്ഷയിൽ കളത്തിലിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങിയ ശ്രീധരൻപിള്ള പിന്നീട്‌ ബിജെപി സംസ്ഥാന അധ്യക്ഷനായി. ഇപ്പോൾ ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ പിറ്റേന്ന്‌ അദ്ദേഹത്തിനും കുമ്മനം പോയ വഴി കാട്ടിക്കൊടുക്കുകയാണ്‌ ദേശീയനേതൃത്വം.

അഞ്ചുമാസംമുമ്പ്‌ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ അരലക്ഷത്തിലേറെ വോട്ടാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ആറ്‌ മണ്ഡലങ്ങളിലായി ബിജെപിക്ക്‌ നഷ്ടമായത്‌. ഇക്കാര്യം ദേശീയനേതൃത്വത്തോട്‌ എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പിൽ നിൽക്കവേയാണ്‌ വിചാരണയില്ലാതെ ശിക്ഷ വിധിച്ചത്‌. ബിജെപിയിൽ സേവനം മതിയാക്കിക്കൊള്ളൂവെന്നാണ്‌ മിസോറമിലേക്കുള്ള ഗവർണർ പദവിയുടെ മലയാളം.

ബിജെപി ദേശീയനേതൃത്വം ഏറെ പ്രതീക്ഷയോടെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്‌ കൊണ്ടുവന്ന നേതാവാണ്‌ കുമ്മനം രാജശേഖരൻ. സംഘപരിവാർ നേതാവായിരുന്ന കുമ്മനത്തിന്‌ ബിജെപിയിൽ അംഗത്വം നൽകി അധ്യക്ഷപദവിയിൽ അവരോധിച്ചത്‌ ആർഎസ്‌എസിന്റെ താൽപ്പര്യപ്രകാരമാണ്‌. മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ ദേശീയതലത്തിൽ പയറ്റിയ തീവ്രഹിന്ദുത്വ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്‌. എന്നാൽ, പരീക്ഷണം വിജയം കണ്ടില്ല.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റെ തലേന്നുതന്നെ മിസോറമിലേക്ക്‌ നിയമിതനായ കുമ്മനം ഏതാനും വർഷംമാത്രം തുടർന്ന സജീവരാഷ്ട്രീയം വിടുകയാണെന്ന പ്രതീതിയുണ്ടാക്കി. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്‌ സ്ഥാനാർഥിത്വത്തിനായി കഴിഞ്ഞ മാർച്ച്‌ എട്ടിന്‌ ഗവർണർസ്ഥാനം രാജിവച്ചു. പിന്നീട്‌ വട്ടിയൂർക്കാവിലും കുമ്മനത്തെ പരിഗണിച്ചെങ്കിലും സ്വന്തം പക്ഷക്കാർതന്നെ വെട്ടി.

താൻ മാറ്റിനിർത്തപ്പെടുകയാണെന്ന അതൃപ്‌തി പ്രകടിപ്പിക്കുന്ന രീതിയിലാണ്‌ സ്ഥാനലബ്ധിക്കുശേഷം ശ്രീധരൻപിള്ള മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. കേരളത്തോട്‌ സമാനമായ കാലാവസ്ഥയുള്ള മിസോറമിലെത്തിയാൽ എഴുത്തും വായനയും പുനരാരംഭിക്കാൻ കഴിയുമല്ലോ എന്ന ആശ്വാസമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ തോൽവിയുമായി ബന്ധപ്പെട്ട സ്ഥാനചലനമാണോ എന്ന ചോദ്യത്തോട്‌ വ്യക്തമായി പ്രതികരിച്ചതുമില്ല. വലിയൊരു സമ്മാനവും അംഗീകാരവുമായി ശ്രീധരൻപിള്ളപോലും ഗവർണർസ്ഥാനത്തെ കാണുന്നില്ല എന്ന്‌ വാക്കുകളിൽ വ്യക്തം. വലിയ സന്തോഷം പ്രകടിപ്പിക്കാറില്ല എന്നതിനൊപ്പം, സങ്കടവും തോന്നാറില്ല എന്നുകൂടി പറഞ്ഞുവച്ചാണ്‌ മറ്റൊരു ബിജെപി അധ്യക്ഷൻകൂടി മിസോറമിലേക്ക്‌ യാത്രപുറപ്പെടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News