ബിജെപി ഭരണത്തിൽ രാജ്യത്ത്‌ സ്‌ത്രീകളും കുട്ടികളും അടിയന്തരാവസ്ഥയിലാണെന്ന്‌ ബൃന്ദ കാരാട്ട്‌

ബിജെപി ഭരണത്തിൽ രാജ്യത്ത്‌ സ്‌ത്രീകളും കുട്ടികളും അടിയന്തരാവസ്ഥയിലാണെന്ന്‌ സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ, നവലിബറൽ നയങ്ങളുടെ പ്രധാന ഇരകളായി, മുമ്പില്ലാത്ത വിധം അരക്ഷിതാവസ്ഥയിലായിരിക്കയാണ്‌ സ്‌ത്രീകൾ. ബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ വൻ വർധനയാണുണ്ടായത്‌. ഇരകളാവുന്നതിൽ മൂന്നിൽ ഒരു ഭാഗവും പ്രായപൂർത്തിയാകാത്തവരാണ്‌– അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയത്‌ ബൃന്ദ പറഞ്ഞു.

അസമിലെ പൗരന്മാരെ പുറത്താക്കാനും കശ്‌മീരിനെ വിഭജിക്കാനും തിടുക്കം കാട്ടുന്ന സർക്കാർ സ്‌ത്രീകളെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്നില്ല. അതേസമയം പീഡനക്കേസുകളിലെ പ്രതികളെ സംരക്ഷിക്കാൻ മുന്നിലുണ്ട്‌. കഠ്‌വയിലും സ്വാമി ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും അത്‌ കണ്ടു. പീഡിപ്പിക്കുന്നവർക്കായി ശബ്ദമുയർത്തുന്നതാണോ അവർ കൊട്ടിഘോഷിക്കുന്ന സംസ്‌കാരം.

വിശ്വാസത്തെപ്പോലും ആർഎസ്‌എസിന്റെ ഇടുങ്ങിയ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത്‌ ശബരിമല കേസിൽ കണ്ടതാണ്‌. എല്ലാ മതമൗലിക വാദവും സ്‌ത്രീ മുന്നേറ്റത്തെ ഇരുട്ടിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌. നവോത്ഥാന പോരാട്ടത്തിലൂടെ നേടിയ മുന്നേറ്റത്തെ തടയാനുള്ള ശ്രമത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിയേ തീരൂ. കശ്‌മീരിൽ ചർച്ച പോലും ഇല്ലാതെയാണ്‌ 370ാം വകുപ്പ്‌ പിൻവലിച്ചത്‌. അറസ്‌റ്റ്‌ പേടിച്ച്‌ മരുന്ന്‌ വാങ്ങാൻ പോലും സ്‌ത്രീകൾ പുറത്തിറങ്ങാത്ത അവസ്ഥയാണവിടെ. മുത്തലാഖ് വിഷയത്തിൽ കേന്ദ്രത്തിന്‌ ഇരട്ടത്താപ്പാണ്‌. സ്ത്രീയെ ഉപേക്ഷിച്ച മുസ്ലിം പുരുഷനെതിരെയുള്ള ക്രിമിനൽ നടപടി ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവർക്ക്‌ നേരെയുണ്ടാവുന്നില്ല. മുത്തലാഖ് പോലുള്ള സ്ത്രീവിരുദ്ധരീതികളെ എതിർക്കുന്നതിനൊപ്പം ഇത്തരം വിവേചനങ്ങളും തുറന്നുകാട്ടണം.

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ ബദൽ നയങ്ങൾ രാജ്യത്തിന്‌ തന്നെ മാതൃകയാണ്‌. അടിത്തട്ടിലുള്ള സ്‌ത്രീകളെ പിടിച്ചുയർത്തി ബദൽ മുന്നേറ്റത്തിന്റെ പാത തുറക്കണമെന്ന്‌ ബൃന്ദ പറഞ്ഞു. പിണറായി വിജയൻ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസമാണ്‌ ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയം വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News