ആർസിഇപി കരാർ രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ, മത്സ്യമേഖലയ്ക്ക് ഹാനികരമാണ്; പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറുകിട മത്സ്യ കർഷകരും തുടച്ചുനീക്കപ്പെടാൻ കരാർ കാരണമാകും; ജെ മേ‍ഴ്സിക്കുട്ടിയമ്മ

മത്സ്യബന്ധനവകുപ്പു മന്ത്രി ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനം:

ഇന്ത്യയുടെ പ്രത്യേകിച്ച്- കേരളത്തിന്റെ  സമ്പദ്-ഘടനയെ ആർസിഇപി (റീജ്യണൽ കോംപ്രിഹെൻസീവ്- ഇക്കണോമിക്ക്- പാർട്ണർഷിപ്-) കരാർ പ്രതികൂലമായി ബാധിക്കും. നമ്മുടെ രാജ്യത്തിന്റെ മത്സ്യമേഖലയിൽ ഈ കരാർ മൂലമുണ്ടാകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. മത്സ്യ ഇറക്കുമതിക്കുള്ള ചുങ്കം ഗണ്യമായി കുറവുവരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്-താൽ ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേ-ക്കുള്ള ഇറക്കുമതി പലമടങ്ങ്- വർധിക്കാനും വ്യാപാര കമ്മിയിൽ വർധനയുണ്ടാകാനും സാധ്യതയുണ്ട്-. മത്സ്യ ഇറക്കുമതി ഗണ്യമായി  വർധിക്കുമ്പോൾ പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന മത്സ്യങ്ങളുടെ വില കുത്തനെ ഇടിയും. നാൾക്കുനാൾ എണ്ണവില വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലനിൽപ്പിനുതന്നെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിക്കാൻ മത്സ്യവിലയിലുണ്ടാകുന്ന തകർച്ച കാരണമാകും.

മത്സ്യ ഇറക്കുമതി വർധിക്കും

ഇന്ത്യ പരമ്പരാഗതമായി മത്സ്യം കയറ്റുമതി ചെയ്-തുകൊണ്ടിരുന്ന രാജ്യമാണ്. എന്നാൽ,  സ്വതന്ത്ര വ്യാപാര കരാറുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ മത്സ്യ ഇറക്കുമതി വർധിച്ചുവരികയാണ്. 2009ൽ 42.41 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ മത്സ്യ ഇറക്കുമതിയുണ്ടായിരുന്ന ഇന്ത്യയിൽ 2017 വർഷമായപ്പോഴേക്കും ഇത്- 90.54 ദശലക്ഷം അമേരിക്കൻ ഡോളറായി ഉയർന്നു.

മത്സ്യങ്ങൾക്ക്- ഇന്ന് നിലനിൽക്കുന്ന ഇറക്കുമതിച്ചുങ്കം 30 ശതമാനമാണ്. ആർസിഇപി കരാർ നിലവിൽ വരുന്നതോടെ ഇറക്കുമതി ചുങ്കം ഇല്ലാതാകും. അതോടെ ഇന്ത്യയിലേക്കുള്ള  മത്സ്യ ഇറക്കുമതി പലമടങ്ങ്- വർധിക്കും എന്ന കാര്യത്തിൽ സംശയമില്ല. താരതമ്യേന വിലകുറഞ്ഞ മത്സ്യയിനങ്ങളാണ് ഇന്ത്യയിലേക്ക്- ഇറക്കുമതി ചെയ്യപ്പെടുന്നത്- എന്നതിനാൽ നമ്മുടെ നാട്ടിലെ മത്തിയും അയിലയുമുൾപ്പെടെയുള്ള കടൽ മീനുകളുടെ വില ഗണ്യമായി കുറയും.  ഇത്- പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കും.  ഇറക്കുമതി ചെയ്യപ്പെടുന്ന മത്സ്യത്തിന്റെ വിൽപ്പന മെല്ലെ വൻകിടക്കാരുടെ കൈയിലെത്തും. അതോടെ നമ്മുടെ  നാട്ടിലെ സ്-ത്രീകൾ ഉൾപ്പെടെയുള്ള പരസഹസ്രം മത്സ്യവിൽപ്പന തൊഴിലാളികൾക്ക്- തൊഴിൽ നഷ്ടപ്പെടും.

ആഭ്യന്തര മത്സ്യ ഉൽപ്പാദനം തകരുന്ന പശ്ചാത്തലത്തിൽ മത്സ്യവില നിശ്ചയിക്കുന്നതിനുള്ള അധികാരം വൻകിടക്കാരുടെ കൈകളിൽ മാത്രമായി ഒതുങ്ങും. അതുകൊണ്ടുതന്നെ കുറയുന്ന മത്സ്യവില ഉപഭോക്താവിലേ-ക്ക്- എത്തുകയുമില്ല. ലോകത്ത്- ഏറ്റവും കൂടുതൽ മത്സ്യം ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. 2016 വർഷത്തിൽ ചൈന 66.81 ദശലക്ഷം മെട്രിക്-ടൺ മത്സ്യം ഉൽപ്പാദിപ്പിച്ചിരുന്നു. പ്രസ്-തുത വർഷം ഇന്ത്യയുടെ ഉൽപ്പാദനം 10.76 ദശലക്ഷം ടണ്ണായിരുന്നു. ചൈനയുടെ ആകെ മത്സ്യ ഉൽപ്പാദനത്തിന്റെ ഉദ്ദേശം 74 ശതമാനവും  കൃഷിയിലൂടെയുള്ളതാണെന്നും കൃഷിചെയ്യപ്പെടുന്നത്- പ്രധാനമായും ഉൽ-പ്പാദനച്ചെലവ്- നന്നേ കുറഞ്ഞ ശുദ്ധജല മത്സ്യങ്ങളാണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്-. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വിലയ്ക്ക്- മത്സ്യം കയറ്റുമതി ചെയ്യാൻ ചൈനയ്-ക്ക്- സാധിക്കും. ആർസിഇപി കരാറിലൂടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാകുമ്പോൾ ചൈനയിൽ കൃഷിയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിലകുറഞ്ഞ മത്സ്യങ്ങൾ ഇന്ത്യൻ വിപണി കീഴടക്കും.

ആർസിഇപി കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിൽനിന്നുള്ള മത്സ്യകയറ്റുമതി ഗണ്യമായി വർധിക്കുമെന്നാണ് കരാറിനുവേണ്ടി നിലകൊള്ളുന്നവർ ചൂണ്ടിക്കാണിക്കുന്നത്-. എന്നാൽ, ഇതിന് യാഥാർഥ്യവുമായി ബന്ധമില്ല. ഇന്ത്യ കയറ്റുമതി ചെയ്യുന്നത്- പ്രധാനമായും ചെമ്മീൻ, കണവ, കൂന്തൽ തുടങ്ങിയ താരതമ്യേന വിലകൂടിയ ഇനങ്ങളാണ്. മത്സ്യബന്ധനത്തിലൂടെ ഇവയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് നാം.

സമുദ്രമത്സ്യങ്ങളിൽ ഭൂരിഭാഗവും അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. നമ്മുടെ സംസ്ഥാനത്ത്- കൃഷിയിലൂടെയുള്ള ചെമ്മീൻ ഉൽപ്പാദനം വർധിപ്പിക്കാനും സാധ്യത വിരളമാണ്. യഥാർഥത്തിൽ കേരളത്തിന്റെ കൃഷിയിലൂടെയുള്ള ചെമ്മീൻ ഉൽപ്പാദനം ക്രമമായി കുറഞ്ഞുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കയറ്റുമതി പ്രാധാന്യമുള്ള കൂന്തൽ, കണവ എന്നിവ കൃഷി ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകൾ ലഭ്യമല്ല എന്നുകൂടി പ്രത്യേകം ഓർക്കണം. ഇതിനുപുറമെ, ആർസിഇപി കരാർ രാജ്യമായ ജപ്പാനിലേക്കുള്ള നമ്മുടെ മത്സ്യകയറ്റുമതി മെല്ലെ കുറഞ്ഞുവരികയാണ്. ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവും ദൃശ്യമാണ്. 201011 വർഷത്തിൽ1,59,147 മെട്രിക്- ടൺ മത്സ്യം ഇന്ത്യ ചൈനയിലേ-ക്ക്- കയറ്റുമതി ചെയ്-തിരുന്നു. എന്നാൽ, 201718 വർഷമായപ്പോഴേക്കും ചൈനയിലേ-ക്കുള്ള നമ്മുടെ കയറ്റുമതി 49,701 മെട്രിക്- ടണ്ണായി കുറയുകയുണ്ടായി.

ഇന്ത്യൻ മഹാസമുദ്രത്തിൽ കിടമത്സരം വർധിക്കും
കരാർ നിലവിൽ വരുന്നതോടെ ചെമ്മീൻ, കണവ, കൂന്തൽ തുടങ്ങി കയറ്റുമതി പ്രാധാന്യമുള്ള മത്സ്യയിനങ്ങൾ കൂടുതലായി പിടിച്ചെടുക്കുന്നതിനുള്ള കിടമത്സരങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വർധിക്കാൻ സാധ്യതയുണ്ട്-. കരാറിൽ ഉൾപ്പെടുന്ന ഇന്ത്യ, ചൈന, ഓസ്-ട്രേലിയ, ജപ്പാൻ, തായ്-ലൻഡ്-, ഇന്ത്യോനേഷ്യ, കൊറിയ, മലേഷ്യ തുടങ്ങിയ മിക്ക രാജ്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിൽ പൊതു മത്സ്യവിഭവങ്ങൾക്കായി മത്സരിക്കുന്നവരാണ്. വളരെ ഉയർന്നശേഷിയുള്ള ബോട്ടുപയോഗിച്ചുള്ള മത്സ്യബന്ധന കിടമത്സരം ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യവിഭവ ശോഷണത്തിന്റെ ആക്കം വർധിക്കാൻ കാരണമാകും.

കടലിലെ മത്സ്യബന്ധനാവകാശം മത്സ്യത്തൊഴിലാളികളിൽ നിക്ഷിപ്-തമാക്കണമെന്നാണ് കേരളത്തിന്റെ പ്രഖ്യാപിത നയം. എന്നാൽ,  ആർസിഇപി കരാർ നിലവിൽ വരുന്നതോടെ വൻകിട കമ്പനിക്കാർ കടലിൽ ടെറിറ്റോറിയൽ പരിധിക്കപ്പുറം, ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മത്സ്യങ്ങളെ അരിച്ചെടുക്കാൻ തുടങ്ങും. ഇത്- തീരക്കടലിലെ മത്സ്യലഭ്യതയെ സാരമായി ബാധിക്കും. തീരദേശമേഖലയിലെ മത്സ്യവിഭവ ശോഷണം നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നേരിട്ട്- ബാധിക്കും.

ഈ സാഹചര്യത്തിൽ ആർസിഇപി കരാർ രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ, മത്സ്യമേഖലയ്-ക്ക്- ഹാനികരമാണെന്ന് അസന്ദിഗ്ധമായി പറയാം. രാജ്യത്തെ 16.09 ദശലക്ഷം പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും പതിനായിരക്കണക്കിന് ചെറുകിട മത്സ്യചെമ്മീൻകല്ലുമ്മക്കായ കർഷകരെയും ഈ മേഖലയിൽനിന്ന് നിശ്ശേഷം തുടച്ചുനീക്കാൻ ഈ കരാർ കാരണമാകും.

എന്നാൽ, കാര്യങ്ങൾ ഇത്രയും ഗുരുതരമായിട്ടും വിഷയം ഏറ്റെടുക്കാനോ പ്രക്ഷോഭത്തിനിറങ്ങാനോ മത്സ്യത്തൊഴിലാളി സമൂഹം മുന്നോട്ടുവരുന്നില്ല എന്നത്- ഏറെ ആശങ്ക ഉളവാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News