മഹാരാഷ്‌ട്ര–ഹരിയാന തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ; 161 സീറ്റിലേക്ക്‌ ചുരുങ്ങി ബിജെപി–ശിവസേനാ സഖ്യം; തകര്‍ന്നടിഞ്ഞ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങൾ

മഹാരാഷ്‌ട്ര– ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ പുറത്തുവന്നപ്പോൾ പ്രമുഖ ടിവി ചാനലുകളുടെ എക്‌സിറ്റ്‌ പോൾ ഫലങ്ങളെല്ലാം പൊളിഞ്ഞു. ഹരിയാനയിൽ ബിജെപിയും മഹാരാഷ്ട്രയിൽ ബിജെപി– ശിവസേന സഖ്യവും വലിയ വിജയം നേടുമെന്നായിരുന്നു എക്‌സിറ്റ്‌ പോൾ പ്രവചനം. ടിവി ചാനലുകൾ തെരഞ്ഞെടുപ്പിനുമുമ്പ്‌ പ്രക്ഷേപണംചെയ്‌ത അഭിപ്രായസർവേകളിലും ഇരുസംസ്ഥാനങ്ങളിലും ബിജെപിക്ക്‌ വൻവിജയം പ്രവചിച്ചിരുന്നു.

വിവിധ എക്‌സിറ്റ്‌ പോളുകളുടെ ശരാശരി കണക്കാക്കുമ്പോൾ മഹാരാഷ്‌ട്രയിൽ ബിജെപി– ശിവസേനാ സഖ്യത്തിന്‌ ലഭിക്കേണ്ടിയിരുന്ന സീറ്റുകൾ 213 ആണ്‌. കോൺഗ്രസ്‌– എൻസിപി സഖ്യത്തിന്‌ 61 ഉം മറ്റുള്ളവർക്ക്‌ 14 ഉം ആണ്‌ എക്‌സിറ്റ്‌ പോളുകളുടെ ശരാശരി. എന്നാൽ, മഹാരാഷ്ട്രയിൽ ബിജെപി– ശിവസേനാ സഖ്യം 161 സീറ്റിലേക്ക്‌ ചുരുങ്ങി. കോൺഗ്രസ്‌– എൻസിപി സഖ്യത്തിന്‌ 98 സീറ്റ്‌ ലഭിച്ചപ്പോൾ മറ്റ്‌ പാർടികൾ 29 സീറ്റും നേടി.

ഹരിയാനയിൽ വിവിധ എക്‌സിറ്റ്‌ പോളുകളുടെ ശരാശരി പരിഗണിക്കുമ്പോൾ ബിജെപിക്ക്‌ കിട്ടേണ്ടിയിരുന്നത്‌ 69 സീറ്റാണ്‌. കോൺഗ്രസിന്‌ 11 ഉം മറ്റുള്ളവർക്ക്‌ 10 ഉം ആണ്‌ ലഭിക്കേണ്ടിയിരുന്നത്‌. എന്നാൽ, ബിജെപി 40 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന്‌ 31 സീറ്റ്‌ ലഭിച്ചപ്പോൾ ജെജെപി 10 സീറ്റും മറ്റുള്ളവർ ഒമ്പത്‌ സീറ്റും നേടി. ഇന്ത്യാ ടുഡെ–ആക്‌സിസിന്റെ എക്‌സിറ്റ്‌ പോൾ മാത്രമാണ്‌ ഹരിയാനയിൽ അൽപ്പമെങ്കിലും യാഥാർഥ്യത്തോടടുത്തത്‌. ബിജെപിക്ക്‌ 32 മുതൽ 44 വരെ സീറ്റും കോൺഗ്രസിന്‌ 30 മുതൽ 40 വരെ സീറ്റും ജെജെപിക്ക്‌ 6–10 സീറ്റുമാണ്‌ ഇന്ത്യാ ടുഡെ പ്രവചിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here