പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന്‌ പങ്ക്‌ ; അന്വേഷണത്തിന്‌ അനുമതി തേടി

പാലാരിവട്ടം പാലം നിർമിച്ച കരാറുകാരന്‌ മുൻകൂർ നൽകാൻ ഉത്തരവിറക്കിയ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന്‌ സർക്കാരിന്റെ അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയിൽ.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നതിനാലാണ് അപേക്ഷ നൽകിയതെന്ന് വിജിലൻസ് സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ് മുഖേന നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.

നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് റിപ്പോർട്ട് നൽകിയത്.

സൂരജിന് ജാമ്യം നിരസിക്കാനുണ്ടായ സാഹചര്യം നിലനിൽക്കുന്നു. മൊബിലൈസേഷൻ അഡ്വാൻസ് നൽകിയ എല്ലാ വിവരങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം തുടരുകയാണ്.

സൂരജുമായി അടുപ്പമുണ്ടായിരുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. അഴിമതിയും വിശ്വാസവഞ്ചനയും നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്.

മുൻകൂർ നൽകിയതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാരിൽനിന്നും മറ്റ് ഏജൻസികളിൽനിന്നും ലഭിച്ച രേഖകൾ വിശദമായി പരിശോധിക്കണം.

ആദ്യ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് നൽകിയശേഷം പത്ത് വിദഗ്‌ധ സാക്ഷികളെ ചോദ്യംചെയ്തു. മുൻകൂർ നൽകിയശേഷം സൂരജിന്റെ മകൻ വസ്തു വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ വിശദീകരിച്ചു.

അനുമതിയില്ലാത്ത അന്വേഷണവും അറസ്റ്റും നിയമവിരുദ്ധമാണെന്ന് ടി ഒ സൂരജ് വാദിച്ചു. പാലം പൊളിച്ചുപണിയണമെന്ന ഇ ശ്രീധരന്റെ റിപ്പോർട്ട് സർക്കാർ ബുധനാഴ്ച അംഗീകരിച്ചു.

ഈ റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ലാപ്ടോപ്പിന്റെ പാസ്‌വേർഡ് കണ്ടെത്താൻ സിഡിറ്റിന് അയച്ചെന്നും വിജിലൻസ് വ്യക്തമാക്കി.

വിജിലൻസ് റിപ്പോർട്ടിലെ പ്രോസിക്യൂഷൻ അനുമതി മുൻമന്ത്രിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും മറ്റു പ്രതികളെ സംബന്ധിച്ചല്ലെന്നും ജസ്റ്റിസ് സുനിൽ തോമസ് നിരീക്ഷിച്ചു.

രേഖകളെല്ലാം പിടിച്ചെടുത്ത ശേഷമാണ് അറസ്റ്റുണ്ടായത്. സൂരജിന് എതിരെ 16 പരാതികളുണ്ട്. പാലം പൊളിക്കലും അഴിമതിയും തമ്മിൽ ബന്ധമില്ല.

കരാറുകാരനായ സുമിത് ഗോയലിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. രണ്ടാംപ്രതി എം ടി തങ്കച്ചന് ജാമ്യം നൽകരുതെന്നും വിജിലൻസ് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News