രാജ്യതാല്‍ പര്യത്തിനും ജനതാത്‌പര്യത്തിനും എതിരായ സിആര്‍പിസി കരാര്‍ പുനഃപരിശോധിക്കണം: സിപിഐഎം

ആര്‍.സി.ഇ.പി കരാര്‍ രാജ്യതാത്‌പര്യത്തിനും ജനതാത്‌പര്യത്തിനും എതിരാണെന്നും, ഈ കരാര്‍ പുനഃപരിശോധിക്കണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

2020 ല്‍ ആര്‍.സി.ഇ.പി. ഒപ്പിടാനാണ്‌ നീക്കം നടക്കുന്നത്‌. ഇത്‌ ഫലത്തില്‍ കേരളത്തിലെ കാര്‍ഷികോത്‌പന്നങ്ങളുടെ ഭാവി ഇരുണ്ടതാക്കുന്നതായും സിപിഐ(എം) പ്രസ്താവനയിൽ വ്യക്തമാക്കി.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, സര്‍ക്കാര്‍തല സംഭരണം, ബൗദ്ധികസ്വത്തവകാശം എന്നീ രംഗങ്ങളുള്‍പ്പെടുന്ന വലിയ സ്വതന്ത്ര വ്യാപാര മേഖലയായിരിക്കും ആര്‍.സി.ഇ.പി.

ഇത്‌ ആഗോള ജി.ഡി.പിയുടെ 39 ശതമാനം വരുന്നതും ആഗോള വ്യാപാരത്തിന്‍റെ 30 ശതമാനം നടക്കുന്നതും, ആഗോള വിദേശ നിക്ഷേപത്തിന്‍റെ 26 ശതമാനം ഉള്ളതും ലോകത്തെ ജനങ്ങളില്‍ 45 ശതമാനവും വരുന്ന മേഖലയായിരിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടുകയോ, രാജ്യത്തെ വിവിധ രംഗങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തുകയോ ചെയ്‌തിട്ടില്ല.

എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കരാര്‍ ഒപ്പിട്ടാല്‍ 28 ശതമാനം വസ്‌തുക്കളുടെ തീരുവ പൂജ്യത്തിലേക്കെത്തണം.

ആസിയാന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവയുമായുള്ള വ്യാപാരത്തിലെ 90 ശതമാനം ചരക്കുകളുടെയും തീരുവ ഇല്ലാതാക്കുന്നതിന്‌ ഇന്ത്യയ്‌ക്കുമേല്‍ സമ്മര്‍ദ്ധമുണ്ട്‌.

അതുപോലെ നിലവില്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഇല്ലാത്ത ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലെ 80 മുതല്‍ 86 ശതമാനം വസ്‌തുക്കളുടെ തീരുവ ഇല്ലാതാക്കണം എന്നതിനും സമ്മര്‍ദ്ദമേറുന്നു.

ഇതൊക്കെ അംഗീകരിക്കുകയാണെങ്കില്‍ വലിയ തിരിച്ചടിയുണ്ടാവും, പ്രത്യേകിച്ച് കാര്‍ഷികമേഖലയ്‌ക്ക്‌. കേരളവുമായി ഉത്‌പാദന വ്യവസ്ഥയില്‍ ഏറെസമാനതകളുള്ള ശ്രീലങ്കയും ആസിയാന്‍ രാജ്യങ്ങളുമായും സ്വതന്ത്രവ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്‌ കേരള സംസ്ഥാനത്തിന്‌ ദോഷകരമായിരിക്കുമെന്ന്‌ അന്നുതന്നെ ഉന്നയിക്കപ്പെട്ടതും പ്രതിഷേധം ഉയര്‍ന്നതുമാണ്‌.

സ്വാഭാവിക റബ്ബര്‍, ഏലം, ഇഞ്ചി, കശുവണ്ടി, നാളികേരം, കൊപ്ര, വെളിച്ചെണ്ണ, മത്സ്യങ്ങള്‍, പാമോയിലും കന്നുകാലി, ക്ഷീരമേഖലകൾക്കും ഭീഷണിയാണ്‌.

തോട്ടംമേഖലയേയും ആര്‍.സി.ഇ.പിയില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്‌. ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാറും ഇന്ത്യ-ആസിയാന്‍ കരാറും തോട്ടംമേഖലയെ പ്രതിസന്ധിയിലാഴ്‌ത്തിയതാണ്.

ഈ സാഹചര്യത്തിലാണ്‌ ആഭ്യന്തര സമ്പദ്‌ഘടന വിദേശരാജ്യങ്ങള്‍ക്കായി കൂടുതല്‍ തുറന്നുകൊടുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ ചെയ്യുന്നത്‌.

ആര്‍.സി.ഇ.പി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധമുയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News