കൂടത്തായി കൊലപാതകം: ജോളിയേയും മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയേയും, സിലി വധക്കേസില്‍ എം എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. സിലി വധക്കേസില്‍ പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന്, ജോളിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ ഈ മാസം 28 ന് പരിഗണിക്കും.

കൂടത്തായ് കൊലപാതക പരമ്പരയിലെ, സിലി വധക്കേസില്‍ പോലീസ് കസ്റ്റഡി അവസാനിച്ചതോടെയാണ് ജോളിയെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഈ കേസില്‍ ജോളിക്കായി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഈ മാസം 28 ന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

ജോളിയ്ക്ക് വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകന്‍ ഹാജരായി. ഒന്നിന് പിന്നാലെ ഒന്നായി ജോളികെതിരെ കേസ് എടുത്ത് ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. ഓരോ കേസുകള്‍ എടുത്തു കസ്റ്റഡി നീട്ടാനുള്ള തന്ത്രമാണ് പോലീസിന്റേതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജോളിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സിലി വധക്കേസില്‍ പോലീസ് കസ്റ്റഡി പൂര്‍ത്തിയായതിനാല്‍ ജോളിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേ സമയം ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയേയും സിലി വധക്കേസില്‍ എം എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഈ കേസുകള്‍ അന്വേഷിക്കുന്ന തിരുവമ്പാടി സി ഐ, വടകര കോസ്റ്റല്‍ സി ഐ എന്നിവര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ആല്‍ഫൈന്‍ കേസില്‍ ജോളിയെ പോലീസ് കസ്റ്റയില്‍ വിട്ടുകിട്ടാനായി അടുത്ത ദിവസം കോടതിയില്‍ ഹര്‍ജി നല്‍കും.

അതേസമയം സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്തത് ജോളി തന്നെയെന്ന് വ്യക്തമായി. ജോളി കൈമാറിയ സ്വര്‍ണ്ണം പണയം വെച്ചെന്ന് ജോണ്‍സന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം രൂപയ്ക്കാന്ന് സ്വര്‍ണ്ണം ബാങ്കില്‍ വെച്ചത്. ഈ സ്വര്‍ണ്ണം സിലിയുടെ മരണസമയത്ത് അവര്‍ ധരിച്ചതാണെന്ന് വ്യക്തമായി. സിലിയുടെ സഹോദരന്‍ സിജോ റൂറല്‍ എസ് പി ഓഫീസില്‍ എത്തി ഇന്നും മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here