സാമ്പത്തികപ്രതിസന്ധി; സർക്കാർ പാപ്പരാകുന്നു; കരുതൽശേഖരത്തിലെ 22,680 കോടിയുടെ സ്വർണം വിറ്റു

മാന്ദ്യം നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട്‌, റിസർവ്‌ ബാങ്ക്‌ കരുതൽശേഖരത്തിലെ സ്വർണം വിറ്റു. രണ്ട്‌ ഘട്ടമായി 315 കോടി ഡോളറിന്റെ (22,680 കോടി രൂപ) സ്വർണമാണ്‌ വിറ്റത്‌. 2018-19ൽ 200 കോടി ഡോളറിന്റെയും ഈ വർഷം ഇതുവരെ 115 കോടി ഡോളറി (8280 കോടി രൂപ)ന്റെയും. ഇനിയും വിൽപ്പന തുടരും. ദീർഘകാലത്തിനുശേഷമാണ്‌ റിസർവ്‌ ബാങ്ക്‌ സ്വർണം വിൽക്കുന്നത്‌.

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ 1991ൽ 67 ടൺ സ്വർണം യൂണിയൻ ബാങ്ക്‌ ഓഫ്‌ സ്വിറ്റ്‌സർലൻഡിലും ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിലും പണയംവച്ചു. വിദേശനാണയ കരുതൽശേഖരത്തിൽ വന്ന വൻ ഇടിവ്‌ മറികടക്കാനാണ്‌ അന്നത്തെ പണയം. ഈ നടപടി അന്ന്‌ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്‌.

അച്ചടിക്കുന്ന കറൻസിയുടെ മൂല്യം ഉറപ്പാക്കാന്‍ ആനുപാതികമായി ആർബിഐ സ്വർണശേഖരം സൂക്ഷിക്കേണ്ടതുണ്ട്‌. അല്ലാത്തപക്ഷം കറൻസിക്ക്‌ മൂല്യം കുറയും. ആഗോളധനപ്രതിസന്ധി ഘട്ടമുണ്ടായാല്‍ നേരിടാനും കരുതല്‍ശേഖരം അനിവാര്യമാണ്‌. ആഗോളമാന്ദ്യം ശക്തിപ്രാപിക്കെ കരുതൽശേഖരം ദുർബലപ്പെടുത്തരുതെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. കരുതൽശേഖരം കുറയ്‌ക്കണമെന്ന്‌ ബിമൽ ജലാൻ കമ്മിറ്റി റിപ്പോർട്ട് ശുപാര്‍ശ വിവാദമായിരുന്നു.

കേന്ദ്രസർക്കാരിന്‌ കരുതല്‍ ധനത്തില്‍ നിന്നും റിസർവ്‌ ബാങ്ക്‌ 1.76 ലക്ഷം കോടി കൈമാറിയതിനു പിന്നാലെയാണ്‌ സ്വര്‍ണവില്പന വാര്‍ത്ത പുറത്തുവരുന്നത്. റിസർവ്‌ ബാങ്കിൽനിന്ന്‌ 1.76 ലക്ഷം കോടി കൈക്കലാക്കിയ മോഡിസർക്കാർ കോർപറേറ്റുകൾക്ക്‌ 1.45 ലക്ഷം കോടിയുടെ നികുതിയിളവാണ്‌ നൽകിയത്‌.

കരുതൽ സ്വർണശേഖരം വിൽക്കാൻ തുടങ്ങിയതോടെ മോഡി സർക്കാർ പാപ്പരാവുകയാണോ എന്ന സംശയം ഉയരുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ പ്രതികരിച്ചു. ധൂർത്തിനും അസത്യങ്ങൾ പ്രചരിപ്പിക്കാനുള്ള ചെലവിനുംവേണ്ടി ജനങ്ങളുടെ സ്വത്ത്‌ വിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News