സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം 22.4 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്‌. ഈവര്‍ഷം ആദ്യപാതിയിലെ കണക്കുകള്‍ അനുസരിച്ചാണിത്. 2016ല്‍ ഇതേ കാലയളവില്‍ 18.1 ശതമാനമായിരുന്നു സ്വദേശികളുടെ സ്വകാര്യമേഖലയിലെ സാന്നിധ്യമെങ്കില്‍ ഈ വര്‍ഷം അത് 22.4 ശതമാനമായി ഉയര്‍ന്നു. സ്വദേശികളില്‍ കൂടുതല്‍ പേര്‍ക്കു ഓഫീസ് ജോലികളോടാണ് താത്പര്യമെന്നു ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലര്‍ക്കിംഗ് മേഖലയില്‍ സ്വദേശികളുടെ 88.7 ശതമാനമായി ഉയര്‍ന്നു.

എല്ലാത്തരത്തിലുള്ള ക്ലര്‍ക്കിംഗ് തസ്തികകളും സ്വദേശികള്‍ക്ക്മാത്രമായി സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. കൃഷി, മൃഗ പരിപാലനം, മത്സ്യ ബന്ധനം തുടങ്ങിയ ജോലികളിലാണ് ഏറ്റവും കുറവ് സ്വദേശികള്‍ മുന്നോട്ട് വരുന്ന മേഖല. ഈ മേഖലയോട് പല സ്വദേശികളും വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട് ചുണ്ടി കാട്ടുന്നു. അതേസമയം വിദേശികളുടെ ആശ്രിതരുടെ മേലില്‍ ഏര്‍പ്പെടുത്തിയ ലെവി മൂലം വിദഗ്ദരായ വിദേശികള്‍ സൗദി തൊഴില്‍ മേഖല വിട്ടുപോവാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് പ്രമഖ എഴുത്ത്കാരനും ചിന്തകനുമായി അബ്ദുല്ലാ അല്‍മുഹൈമിദ് അഭിപ്രായപ്പെട്ടു.

വിദേഗ്ദരായ വിദേശ തൊഴിലാളികളുടെ ഒഴിഞ്ഞു പോക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും. മാത്രമല്ല വിദേശികളുടെ കുടുംബങ്ങള്‍ രാജ്യം വിടുന്നത് വാണിജ്യ, സേവന, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുരടിപ്പിനു ഇടയാക്കിയിട്ടുണ്ട്. ആശ്രിത ലെവി ഉയര്‍ത്തരുതെന്നു അടുത്ത വര്‍ഷം ഇതേ തുക തന്നെ തുടരണമെന്നും സൗദി ശൂറാ കൗണ്‍സില്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.