കേന്ദ്ര ബിജെപി സർക്കാരിന്റെ തകർച്ചയുടെ തുടക്കമാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്ന്‌ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നായിരുന്നു ബിജെപിയുടെ വാദം. ഇപ്പോൾ ഭൂരിപക്ഷം തികയ്ക്കാനായി വഴിവിട്ട രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുകയാണ്. പാർടിക്കുള്ളിലെ പ്രശ്നങ്ങൾ മൂലം കോൺഗ്രസ് ദുർബലമായിട്ടും ബിജെപിക്ക് വിജയം നേടാനായില്ല. ബിജെപി ഭരണത്തിനെതിരായ ജനങ്ങളുടെ വികാരപ്രകടനമാണിത്. മതനിരപേക്ഷ– ജനാധിപത്യ ശക്തികൾ ഒന്നിച്ച് ബിജെപി ഭരണത്തെ തകർത്തെറിഞ്ഞ്‌ രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ്‌ ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയിലെ 370–-ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കശ്മീർ ജനത തടങ്കലിലാണ്. സഞ്ചാരസ്വാതന്ത്ര്യമില്ല. ഫോൺ, ഇന്റർനെറ്റ് തുടങ്ങി പരസ്പരം ബന്ധപ്പെടാനുള്ള മാർഗങ്ങളെല്ലാം തടഞ്ഞിരിക്കയാണ്. പൊതുപ്രവർത്തകർ തടങ്കലിലാണ്. കശ്മീർ സന്ദർശനത്തിന് രാഷ്ട്രീയ നേതാക്കൾക്ക് വിലക്കാണ്‌. 370–-ാം വകുപ്പ് ഉപേക്ഷിച്ചതു സംബന്ധിച്ച് പച്ചനുണകളാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌.

ആർഎസ്എസ് അജൻഡയായ ഹിന്ദുരാഷ്ട്രം നടപ്പാക്കാനാണ് മോഡി ശ്രമിക്കുന്നത്. രാജ്യത്തെ സാമ്പത്തികരംഗം മുമ്പെങ്ങുമില്ലാത്തവിധം തകർന്നു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കോർപറേറ്റുകളുടെ നികുതി കുറയ്‌ക്കുകയാണ്. ബിജെപി നയങ്ങൾക്ക് യഥാർഥ ബദൽ ഇടതുപക്ഷം മാത്രമാണ്. മതേതര ജനാധിപത്യപാർടികളുടെ വലിയ ഐക്യനിര പടുത്തുയർത്തുകയെന്നതാണ് കാലിക കടമയെന്നും അദ്ദേഹം പറഞ്ഞു