ഗുഡ്‌വിൻ ജ്വല്ലേഴ്സ് പ്രതിസന്ധിയിൽ; അടച്ചിട്ട ഷോറൂമുകൾക്ക് മുൻപിൽ ആശങ്കയോടെ നിക്ഷേപകർ

മഹാരാഷ്ട്ര സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മറ്റൊരു വ്യവസായ സ്ഥാപനം കൂടി മുംബൈയിൽ പരിഭ്രാന്തി പടർത്തിയിരിക്കുന്നത്. ഗുഡ്‌വിൻ ഗ്രൂപ്പിന്റെ മുംബൈയിലെയും പുണെയിലെയും പത്തോളം ജ്വല്ലറി കടകൾ മുന്നറിയിപ്പില്ലാതെ അടച്ചിട്ടതോടെ നൂറു കണക്കിന് നിക്ഷേപകർ ആശങ്കയിലായിരിക്കയാണ്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ ഗുഡ്‌വിൻ ജ്വല്ലറിക്ക് പുണെയിലും തൃശൂരും ഷോറൂമുകളുണ്ട്. കഴിഞ്ഞ ദിവസം പുണെയിലെ ചിഞ്ചുവാഡ ഷോറൂമിൽ ജീവനക്കാർക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടേണ്ടി വന്നുവെന്നാണ് ഗുഡ് വിൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ കുമാർ അക്കരക്കാരൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടച്ചിട്ട ഷോറൂമുകൾ രണ്ടു ദിവസത്തിനകം തുറക്കുമെന്നും നിക്ഷേപരുടെ പൈസ സുരക്ഷിതമാണെന്നും തിരിച്ചു നൽകാൻ സാവകാശം വേണമെന്നും അപേക്ഷിച്ചുള്ള സുനിൽ കുമാറിന്റെ വാട്ട്സപ്പ് വോയിസ് സന്ദേശം മാത്രമാണ് നിക്ഷേപകർക്ക് കുറച്ചെങ്കിലും പ്രത്യാശ നൽകിയത്.

എന്നാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നും ജ്വല്ലറിയുടെ ഷോറൂമുകളൊന്നും തന്നെ തുറന്ന് പ്രവർത്തിക്കാതിരുന്നതും ഉത്തരവാദിത്തപ്പെട്ടവരെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നതുമാണ് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നത്. നിരവധി അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടതോടെ ആശങ്കയിലായ നൂറു കണക്കിന് നിക്ഷേപകരാണ് നീതി തേടി ഗുഡ്‌വിൻ ജ്വല്ലറി ഷോറൂമുകൾക്ക് മുന്നിലെത്തിയതും പോലീസിൽ പരാതി നൽകിയതും.

നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച പരാതിയെ തുടർന്ന് ഡോംബിവ്‌ലി പോലീസ് കേസെടുത്തു. മലയാളികളടക്കം ആയിരക്കണക്കിന് ആളുകളിൽ നിന്നായി മാസചിട്ടിയായും ഉയർന്ന പലിശ വാഗ്ദാനമുള്ള സ്ഥിര നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചതായാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹാവശ്യങ്ങൾക്കും മാസാവരുമാനത്തിനുമായി പണിയെടുത്തുണ്ടാക്കിയ സമ്പാദ്യങ്ങൾ മുഴുവൻ നിക്ഷേപിച്ച ഹതഭാഗ്യരും കൂട്ടത്തിലുണ്ട്.

ഗുഡ്‌വിൻ ഗ്രൂപ്പ് ചെയർമാൻ സുനിൽകുമാർ സഹോദരനും മാനേജിങ് ഡയറക്ടറുമായ സുധീഷ്കുമാർ എന്നിവർക്കെതിരെയാണ് കേസ്. ഇരുനൂറിലധികം നിക്ഷേപകർ തങ്ങളെ സമീപിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഇരുപതു വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ് സഹോദരന്മാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News