വേലിയേറ്റമേഖലയിൽ കടലാക്രമണ ഭീഷണി; 18,865 കുടുംബത്തെ മാറ്റിപ്പാർപ്പിക്കും

തീരദേശത്ത്‌ വേലിയേറ്റമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 മത്സ്യത്തൊഴിലാളി കുടുംബത്തെ മാറ്റി താമസിപ്പിക്കും. ഒമ്പത്‌ ജില്ലയിൽ ഉൾപ്പെടുന്ന 560 കിലോമീറ്റർ തീരമേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്ന വീടുകളിൽ താമസിക്കുന്നവരെയാണ്‌ പുനരധിവസിപ്പിക്കുന്നത്‌. ഒരുലക്ഷത്തോളം പേർ ഈ കുടുംബങ്ങളിൽ ഉൾപ്പെടുന്നു. 8502 കുടുംബം പദ്ധതിയിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചു. വിശദ പദ്ധതിരേഖ ഫിഷറീസ്‌ വകുപ്പ്‌ തയ്യാറാക്കി. ഇത്‌ മന്ത്രിസഭാ യോഗം പരിഗണിക്കും.

2021 കോടി രൂപയാണ്‌ ബൃഹത്‌ പദ്ധതിയുടെ അടങ്കൽ. ഇതിനായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ റീബിൽഡ്‌ കേരള പദ്ധതിയിൽ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ബാക്കി 623 കോടി ബജറ്റ്‌ വകയിരുത്തലായി ലഭ്യമാക്കാണമെന്നും പദ്ധതിരേഖയിൽ പറയുന്നു. ഒരു കുടുംബത്തിന്‌ ഭൂമി വാങ്ങി വീട്‌ നിർമിക്കുന്നതിന്‌ 10 ലക്ഷം രൂപ ലഭ്യമാക്കുന്നതാണ്‌ പദ്ധതി.

മൂന്നുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. ആദ്യവർഷം 997.33 കോടിയും രണ്ടും മൂന്നും വർഷങ്ങളിൽ 511.84 കോടി വീതവും ചെലവ്‌ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തിൽ 8487 കുടുംബത്തെ പുനരധിവസിപ്പിക്കുക. രണ്ടും മൂന്നും വർഷങ്ങളിൽ 5099 വീതം കുടുംബത്തെ മാറ്റി താമസിപ്പിക്കും.
ആദ്യഘട്ട പദ്ധതിയിൽ, നിലവിൽ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 1788 കുടുംബത്തെയും ഉൾപ്പെടുത്തും. അടങ്കൽ 68.49 കോടി രൂപ. വീട്‌ നിർമാണം പല ഘട്ടത്തിൽ മുടങ്ങിയവരാണ് ഇവർ. നിലവിലെ പദ്ധതിയിൽ ഉൾപ്പെട്ട 772 കുടുംബത്തിനായി 78.20 കോടി രൂപയിൽ 92 ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഫ്ലാറ്റ്‌ സമുച്ചയങ്ങളിലേക്ക്‌ താമസം മാറാൻ സമ്മതമുള്ള കുടുംബങ്ങളെയെല്ലാം ഈ ഘട്ടത്തിലേക്ക്‌ പരിഗണിക്കണമെന്നും പദ്ധതി രേഖ പറയുന്നു.

ഫിഷറീസ്‌ മന്ത്രി ചെയർമാനും റവന്യൂമന്ത്രി കോ–- ചെയർമാനുമായ സംസ്ഥാന ഉന്നതതല സമിതിക്കായിരിക്കും പദ്ധതി മേൽനോട്ടം. കലക്ടർ ചെയർമാനായി ജില്ലാതല സമിതി രൂപീകരിക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ സുരക്ഷിതമായ താമസസൗകര്യത്തിനൊപ്പം, അവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും പദ്ധതി സഹായകമാകും. മാറിതാമസിക്കുന്നതുമൂലം ലഭ്യമാകുന്ന തീരമേഖലയിൽ ജൈവകവചം ഒരുക്കാൻ കഴിയും. ഇത്‌ തീരശോഷണം തടയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News