മഹാരാഷ്ട്രയിൽ മന്ത്രിസഭ വൈകും; അധികാരം പപ്പാതി പങ്കിടണമെന്ന് ശിവസേന

അഞ്ച്‌ വർഷം അധികാരം പപ്പാതി പങ്കിടുമെന്ന്‌ ബിജെപിയിൽനിന്ന്‌ രേഖാമൂലം ഉറപ്പ്‌ ലഭിക്കണമെന്ന്‌ ശിവസേന നിലപാട്‌ കടുപ്പിച്ചു. ബിജെപി നേതൃത്വം ഈ ഉറപ്പ്‌ പാർടി ലെറ്റർപാഡിൽ എഴുതിനൽകണമെന്ന്‌ ശിവസേനയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 56 എംഎൽഎമാരുടെ യോഗം ആവശ്യപ്പെട്ടു. പാർടി അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ വസതിയിലായിരുന്നു യോഗം.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ബിജെപി അധ്യക്ഷൻ അമിത്‌ ഷാ ഇക്കാര്യം സമ്മതിച്ചിരുന്നതാണെന്ന്‌ ശിവസേനാ നേതാവ്‌ പ്രതാപ് സർനായിക്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. രണ്ടര വർഷംവീതം ബിജെപിയും ശിവസേനയും സർക്കാരിനെ നയിക്കണം. ആദിത്യ താക്കറേയെയാണ്‌ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ നിർദേശിക്കുകയെന്ന്‌ മറ്റൊരു ശിവസേനാ നേതാവ്‌ മഹേഷ്‌ ഷിൻഡെ പറഞ്ഞു.

ദേവേന്ദ്ര ഫട്‌നാവിസ്‌ മുഖ്യമന്ത്രിയായി തുടരുമെന്ന്‌ പ്രധാനമന്ത്രി മോഡിയും ബിജെപി അധ്യക്ഷൻ അമിത്‌ ഷായും ആവർത്തിച്ചിരുന്നു.
ശിവസേനയുടെ പിന്തുണ അനിവാര്യമായതിനാൽ ബിജെപി കടുത്ത സമ്മർദത്തിലാണ്‌. 288 അംഗ നിയമസഭയിൽ അംഗബലം ബിജെപിക്ക്‌ 105 ഉം ശിവസേനയ്‌ക്ക്‌ – 56 ഉം ആണ്‌. അധികാരത്തിൽ പാതി കിട്ടണമെന്ന്‌ ഉദ്ദവ്‌ താക്കറേ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഉദ്ദവിന്റെ മകനാണ്‌ ഇരുപത്തൊമ്പതുകാരനായ ആദിത്യ. തർക്കം തുടരുന്നതിനാൽ മഹാരാഷ്ട്രയിൽ പുതിയ മന്ത്രിസഭാ രൂപീകരണം വൈകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here