പാലക്കാട് മണ്ണാർക്കാട് വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. കോഴിക്കോട് മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് യാത്രപോയവരെയാണ് ബൈക്കിലും കാറിലുമെത്തിയ സംഘം അക്രമിച്ചത്. നാല് പേർക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കോട്ടോപ്പാടത്ത് വെച്ചാണ് ആക്രമണം നടന്നത്. എന്റെ മുക്കം, എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ സംഘത്തിന് നേരെയാണ് അക്രമണമുണ്ടായത്. ബൈക്കുകളിലും കാറിലുമെത്തിയ സംഘം നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റ ആസാദ്‌ മുക്കം, ഷൗഫീക് വെങ്ങലത്ത്, ബിജു പാറക്കൽ, ശ്രീനിഷ് എന്നിവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് റോഡരികിൽ നിർത്തിയിട്ടപ്പോൾ ഇവിടെ നിന്നും മാറണമെന്ന് കാറിൽ എത്തിയ സംഘം ഇവരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ചെറിയ തർക്കമുണ്ടായി. തുടർന്ന് ബസിൽ യാത്ര തുടരുമ്പോൾ സംഘം പിന്തുടർന്നെത്തി ആക്രമം നടത്തുകയായിരുന്നു.
ഇവർ സഞ്ചരിച്ച ബസിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. നാട്ടുകൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ്, പാലക്കാട്