വാളയാര്‍ പീഡനം; പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

പാലക്കാട്: വാളയാറില്‍ പീഢനത്തിനിരയായി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധി പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കാനാണ് തീരുമാനം.

വാളയാര്‍ കേസില്‍ പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ പോക്‌സോ കോടതി വെറുതെ വിട്ടതിനു പിന്നാലെ പോലീസ് നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മൂന്നാം പ്രതി പ്രദീപ് കുമാറിനെ വെറുതെ വിട്ടതിന്റെ കോടതി വിധി പകര്‍പ്പ് മാത്രമേ ഇപ്പോള്‍ പൊലീസിന്റെ ലഭിച്ചിട്ടുള്ളൂ. മറ്റ് മൂന്ന് പേരെ വെറുതെ വിട്ട ഉത്തരവിന്റെ പകര്‍പ്പ് കൂടി ലഭിച്ച ശേഷം പോലീസ് അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.

അപ്പീല്‍ നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിരുന്നു. 5 പ്രതികളുണ്ടായിരുന്ന കേസില്‍ 4 പേരെയാണ് പോക്‌സോ കോടതി വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്. ഈ കേസില്‍ അടുത്ത മാസം വിധി പറയും.

വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ആനി രാജ

വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍.

അന്വേഷണം നടന്നത് ഒട്ടും തൃപ്തികരമല്ലാത്ത രീതിയില്‍ ആയിരുന്നില്ല, അതിനാല്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു.

കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ആനി രാജ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here