പുന്നപ്ര–വയലാർ വീരേതിഹാസത്തിന് ഒക്ടോബർ 27ന് 73 വയസ്സ്

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനം:

ഐതിഹാസികമായ പുന്നപ്ര–വയലാർ വിപ്ലവത്തിന് ഒക്ടോബർ 27ന് 73 വയസ്സ് തികയുകയാണ്. ദിവാൻ ഭരണത്തിനും അമേരിക്കൻ മോഡലിനുമെതിരെ പ്രായപൂർത്തി വോട്ടവകാശമാവശ്യപ്പെട്ടും നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ തൊഴിലാളികൾ നടത്തിയ പോരാട്ടം ചരിത്രത്തിലെ നിർണായക ഏടാണ്. സി എച്ച് കണാരൻ ദിനമായ ഒക്ടോബർ 20ന് തുടങ്ങിയ 73–ാം വാർഷികവാരാചരണം വയലാർ രക്തസാക്ഷിദിനമായ 27ന് സമാപിക്കും.

നൂറ്റാണ്ടുകളായി അടിമസമാനമായി ജീവിക്കേണ്ടിവരികയും ജന്മിമാരുടെ മുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവരികയും ചെയ്തിരുന്ന തൊഴിലാളികൾ വർഗബോധത്താൽ പ്രചോദിതരായി നടത്തിയ സമരം ജന്മിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും സർ സി പിയുടെ ഭീകരവാഴ്ചയുടെയും തായവേര് അറുത്തു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലാളികൾ നടത്തിയ സമരം സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി നിലകൊണ്ട സർ സി പി രാമസ്വാമി അയ്യരുടെ ഭീകരഭരണം കടപുഴക്കി എറിഞ്ഞു.

കൊല്ലവർഷം 1122 തുലാം മാസം ഏഴുമുതൽ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു കേരളത്തെ ചുവപ്പിച്ച ഐതിഹാസികസമരം. കയർത്തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, എണ്ണയാട്ടുതൊഴിലാളികൾ, ചെത്തുതൊഴിലാളികൾ തുടങ്ങിയവരൊക്കെ ഇതിഹാസോജ്വലമായ ആ സമരത്തിൽ അണിനിരന്നു. കയർത്തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികൾ ന്യായമായ ആവശ്യങ്ങളുയർത്തിയാൽ ജന്മിമാരുടെ ഗുണ്ടകളും പൊലീസും അവർക്കെതിരെ ക്രൂരമായ മർദനങ്ങൾ അഴിച്ചുവിടുന്ന കാലം. ഈ സാഹചര്യത്തിലാണ് അവരുടെ ജീവിത സ്വപ്നങ്ങൾക്കുമേൽ താങ്ങുംതണലുമായി കമ്യൂണിസ്റ്റ് പാർടി രൂപംകൊണ്ടത്. ജന്മിത്തത്തിനുമുന്നിൽ ജീവിതം തകർന്നുപോയ തൊഴിലാളികൾക്ക് നട്ടെല്ലുയർത്തി നിൽക്കാനും കൂലിക്കുവേണ്ടി കൂട്ടായി വിലപേശാനുമുള്ള കരുത്ത് കമ്യൂണിസ്റ്റ്പാർടിയുടെ സാന്നിധ്യം ഉണ്ടാക്കിക്കൊടുത്തു. നാട്ടിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം തുടങ്ങിയതോടെ നിരവധി തൊഴിലാളി യൂണിയനുകൾ നിലവിൽവന്നു. ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ഉദയം തൊഴിലാളികൾക്കിടയിൽ ആവേശം ഉണ്ടാക്കി. ഈ സാഹചര്യം ഇതരമേഖലയിലും തൊഴിലാളി സംഘടനകൾ രൂപംകൊള്ളുന്നതിന് വഴിതെളിച്ചു.

ഇതേത്തുടർന്ന് അവകാശബോധം ആർജിച്ച തൊഴിലാളികൾ സംഘടനകൾവഴി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. എന്നാൽ, കൂലിവർധന ചോദിക്കുന്നവരെ കിടപ്പാടത്തിൽനിന്ന് ഇറക്കിവിട്ടും ജോലിയിൽനിന്ന് പിരിച്ചുവിട്ടും ജന്മിമാരും മുതലാളിമാരും പകരംവീട്ടൽ തുടങ്ങി. സൈന്യവും പൊലീസും ക്രൂരമർദനം അഴിച്ചുവിടുകയും യൂണിയൻ ഓഫീസുകൾ തകർക്കുകയും ചെയ്തു. യുദ്ധാനന്തര കാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളുംതമ്മിൽ മുമ്പേ നിലനിന്നിരുന്ന സംഘർഷം രൂക്ഷമാക്കി.

സാമ്പത്തികാവശ്യങ്ങളോടൊപ്പം ഉത്തരവാദഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയവ അടക്കമുള്ള 27 ഇന ആവശ്യങ്ങൾ അന്ന് തൊഴിലാളികൾ സർക്കാരിനുമുന്നിൽ വച്ചു. തൊഴിലാളികളുടെ സമരത്തെ നേരിടാൻ സർ സി പി പട്ടാളഭരണം ഏർപ്പെടുത്തി. സായുധ പൊലീസിന്റെ നിയന്ത്രണം സി പി നേരിട്ട് ഏറ്റെടുത്തു. യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങൾ ഉപയോഗിച്ചാണ് തൊഴിലാളികൾ നേരിട്ടത്. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി ആയിരക്കണക്കിന് സമര വളന്റിയർമാർ കൊല്ലപ്പെട്ടു.

പുന്നപ്ര–വയലാർ സമരസേനാനികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ 73 വർഷം കഴിഞ്ഞിട്ടും പ്രസക്തമാണെന്ന് ദേശീയരാഷ്ട്രീയ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഭരിക്കുന്ന രണ്ടാം മോഡി സർക്കാർ, തൊഴിലാളിവർഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി നിർത്തലാക്കുന്നത് തുടരുകയാണ്. തൊഴിൽനിയമങ്ങളും കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് സമ്പത്ത് കുന്നുകൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്യുകയും സാഹചര്യങ്ങളൊരുക്കുകയുമാണ്. മോഡി ഭരണത്തിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും അനുദിനം വർധിക്കുന്നു. ഇന്ധനത്തിന് ചരിത്രത്തിലെ റെക്കോഡ് വിലയാണിപ്പോൾ. നോട്ടുനിരോധനം അമ്പേ പരാജയമാണെന്ന് മോഡിക്ക് ഒപ്പം നിന്നവർപോലും പറഞ്ഞുതുടങ്ങിയിരിക്കുന്നു.

നോട്ടുനിരോധനത്തോടെ രാജ്യം സാമ്പത്തിക തകർച്ചയിലായി. വ്യവസായ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുകയാണ്. ജനങ്ങളുടെ വാങ്ങൽശേഷി ഇല്ലാതായി. അടച്ചുപൂട്ടപ്പെട്ട തൊഴിലിടങ്ങളിലെ തൊഴിലാളികൾകൂടി തൊഴിൽരഹിതരുടെ പട്ടികയിലെത്തിയപ്പോൾ രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണവും ഭയാനകമായി വർധിക്കുകയാണ്.

ജിഎസ്ടി നടപ്പാക്കൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കി. സ്വതന്ത്രചിന്തകരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും ഹിന്ദുത്വ വർഗീയവാദികളുടെ കൊലക്കത്തിക്കും വെടിയുണ്ടകൾക്കും ഇരയാകുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് കേസ് എടുക്കുന്നിടംവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. നാം എന്തു ധരിക്കണം, എന്തു കഴിക്കണം എന്നെല്ലാമുള്ള തീട്ടൂരങ്ങൾ തീവ്രഹിന്ദുവർഗീയവാദികൾ പുറപ്പെടുവിക്കുന്ന സ്ഥിതിയാണിന്ന്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് കേന്ദ്രത്തിലെ ബിജെപി ഭരണം പ്രയോഗിക്കുന്നത്. കശ്മീർ ഒരു ചൂണ്ടുപലകയാണ്. വരാനിരിക്കുന്ന ആപത്ത് എന്തെന്ന് തിരിച്ചറിയാനുള്ള അവസരം.

പുന്നപ്ര–വയലാർ സമരത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങളായ പൗരാവകാശം നിഷേധിക്കുന്ന നിയമം റദ്ദാക്കുക, പത്രം നിയന്ത്രിക്കുന്ന നിയമം റദ്ദാക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക എന്നിവ കശ്മീർ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാകുകയാണ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയാണ് ജനങ്ങൾ ബദലായി കാണുന്നത്. അതിനാൽ പിണറായി സർക്കാരിനെ വ്യാജപ്രചാരണങ്ങളിലൂടെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണ് മോഡി സർക്കാർ.

എന്നാൽ, ഇതൊന്നും കാറ്റുപിടിക്കുന്നില്ല. ശബരിമലവിഷയം മുൻനിർത്തി സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തിയവർ ഇന്ന് ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. കള്ള പ്രചാരണങ്ങൾ ജനം തിരിച്ചറിയുകയും കള്ളപ്രചാരകരെ ജനങ്ങൾ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന്റെ തെളിവാണിത്. പ്രളയത്തിൽ ജനങ്ങൾക്ക് സർക്കാർ രക്ഷകരാകുകയും കേരളത്തിന്റെ പുനഃ സൃഷ്ടിക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയുമാണ്. ഇതും അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്.

കേന്ദ്രസർക്കാരിന്റെ വർഗീയനയങ്ങൾക്കും തൊഴിലാളിവിരുദ്ധ നയങ്ങൾക്കുമെതിരെ ബദൽമാർഗങ്ങളിലൂടെ ശക്തമായ ചെറുത്തുനിൽപ്പാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബദലായി രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളും ഉറ്റുനോക്കുന്നത് പിണറായി സർക്കാരിനെയാണ്. ഈ സർക്കാരിനെ കാത്തുസൂക്ഷിക്കുന്നതിനും കൂടുതൽ കരുത്തുപകരുന്നതിനും പുന്നപ്ര‐വയലാർ രണധീരരുടെ ജ്വലിക്കുന്ന സ്മരണകൾ നമുക്ക് കരുത്തേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News