എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതോടെ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ മേയര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു

ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതോടെ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ മേയര്‍ക്കേതിരായ പ്രതിഷേധം കനക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മേയറെ മാറ്റില്ലെന്ന കെപിസിസി അധ്യക്ഷന്റെ നിലപാട് തള്ളിയ ജില്ലാ നേതൃത്വം കോര്‍പ്പറേഷന്‍ ഭരണമാറ്റത്തിന് ഒരുങ്ങുന്നുവെന്ന പ്രത്യക്ഷ സൂചനകള്‍ ആണ് നല്‍കിയത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മേയറെ മാറ്റുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഹൈബി ഈഡന്‍ എംപിയാണ് മേയര്‍ക്ക് എതിരെ ആദ്യം രംഗത്ത് വന്നത്. നഗരസഭാ പ്രവര്‍ത്തനങ്ങളില്‍ വന്ന വന്‍ വീഴ്ചകളാണ് എറണാകുളത്തെ യുഡിഎഫ് വിജയത്തിന്റെ ശോഭ കെടുത്തിയതെന്ന ആരോപണത്തിന് ആയിരുന്നു ഇത്. തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലും മേയര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് എതിരായാണ് വിഷയം ചര്‍ച്ച ചെയ്തത്.

മേയറെ മാറ്റുന്നത് ഉള്‍പ്പെടെ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിയുടെ നിലപാട് തള്ളുന്നത്. യോഗത്തില്‍ പങ്കെടുത്ത വി ഡി സതീശന്‍ എംഎല്‍എ ഇക്കാര്യത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കി. വന്‍തോതില്‍ ലീഡ് കുറഞ്ഞതിന്റെ ഉത്തരവാദിത്വം മേയര്‍ക്ക് മാത്രമല്ലെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളുന്ന തീരുമാനമാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉള്ളത്.

സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മേയറെ മാറ്റാനാണ് ജില്ലാനേതൃത്വത്തിന്റെ നീക്കം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മേയര്‍ സൗമിനി ജെയിന്‍ തയ്യാറായില്ലെങ്കിലും കൊച്ചി മേയര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ ഭരണസമിതിയെ മാറ്റുന്ന ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News