പ്രൊഫ. എം കെ സാനുവിന്റെ ജന്മദിനമാഘോഷിച്ച് സാംസ്‌കാരിക ലോകം

മലയാള സാഹിത്യ കാരണവര്‍ പ്രൊഫ. എം കെ സാനുവിന്റെ ജന്മദിനമാഘോഷിച്ച് സാംസ്‌കാരിക ലോകം. കൊച്ചിയിലെ സാനു മാസ്റ്ററുടെ സന്ധ്യയെന്ന വീട്ടിലായിരുന്നു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ജന്മദിനാഘോഷം നടന്നത്. 93 വര്‍ഷം പിന്നിടുമ്പോഴും സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവമാണ് പ്രൊഫസര്‍ എം കെ സാനു.

പിറന്നാള്‍ ദിനത്തില്‍ രാവിലെ മുതല്‍ നിരവധിപേരാണ് എറണാകുളത്തെ സന്ധ്യയെന്ന വീട്ടിലെത്തി പ്രൊഫ എം കെ സാനുവിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ശിഷ്യര്‍ക്കും ആശംസ നേരാന്‍ എത്തിയവര്‍ക്കുമൊപ്പം കേക്ക് മുറിച്ചും , പായസം നല്‍കിയും ലളിതമായിരുന്നു മലയാള സാഹിത്യലോകത്തെ കാരണവരുടെ പിറന്നാളാഘോഷം.

തന്റെ വിചാരത്തിന് അപ്പുറത്തേക്ക് ആയുസ്സ് അനുഗ്രഹിച്ച താന്‍ തിരിച്ചു നല്‍കാന്‍ കഴിയുന്നതിനും അപ്പുറം ഉള്ള സ്‌നേഹം ആണ് അനുഭവിക്കുന്നത് എന്ന് ആശംസകള്‍ക്ക് മറുപടിയായി പ്രൊഫസര്‍ എം കെ സാനു പറഞ്ഞു.

ജസ്റ്റിസ് ഷംസുദ്ദീന്‍ ജസ്റ്റിസ് ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പ്രൊഫസര്‍ എംകെ സാനുവിന് ആശംസകള്‍ നേരാന്‍ എത്തി. ജസ്റ്റിസ് ഷംസുദ്ദീന്‍ സാനുമാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.

നിരൂപകന്‍ വാഗ്മി അദ്ധ്യാപകന്‍ എഴുത്തുകാരന്‍ തുടങ്ങി സാംസ്‌കാരിക മേഖലയുടെ സര്‍വ്വ തലങ്ങളിലും പ്രവര്‍ത്തിച്ച പ്രൊഫസര്‍ എം കെ സാനു എട്ടാം കേരള നിയമസഭയില്‍ എറണാകുളത്ത് നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു അംഗവും ആയിട്ടുണ്ട്. കേന്ദ്ര കേരള സാഹിത്യ അക്കാദമികളുടേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രൊഫസര്‍ എം കെ സാനു തന്റെ 93 ആം വയസ്സിലും എറണാകുളത്തെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel