സൂസന്‍ കോടി പ്രസിഡന്റ്,  പി സതീദേവി സെക്രട്ടറി: മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം

കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി സൂസന്‍ കോടിയേയും സെക്രട്ടറിയായി അഡ്വ. പി സതീദേവിയേയും ട്രഷററായി സിഎസ് സുജാതയേയും സമ്മേളനം തെരഞ്ഞെടുത്തു. മഴ തുടരുന്ന സാഹചര്യത്തില്‍ സമാപന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനവും റാലിയും ഒഴിവാക്കി. 564 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ടുദിവസമായി നടന്ന പൊതുചര്‍ച്ചക്ക് രാവിലെ ടാഗോര്‍ ഹാളില്‍ (ഹൈമവതി തായാട്ട് നഗര്‍) സംസ്ഥാന സെക്രട്ടറി പി സതീദേവി മറുപടി നല്‍കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ നിയമം നിര്‍മിക്കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന തരത്തിലാണ് പടരുന്നത്. ഇതിന്റെ മുഖ്യ ഇരകളും പ്രചാരകരും സ്ത്രീകളാണ്. ജനങ്ങളെ കബളിപ്പിച്ച് പണം സമ്പാദിക്കുന്ന മന്ത്രവാദികളും ആള്‍ ദൈവങ്ങളും ശിക്ഷിക്കപ്പെടണം. ഇതിനായി സമഗ്ര നിയമം ഉണ്ടാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കശ്മീരിന്റെ പ്രത്യേക പദവി തിരികെ നല്‍കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അംഗബലത്തിലെ വര്‍ധനവും വിശദീകരിച്ചു. 2018—19 വര്‍ഷത്തില്‍ അംഗസംഖ്യ 52,79,547 എത്തി. 2016—17 കാലഘട്ടത്തില്‍ 50,75,195 ആയിരുന്നു ബലം. 2018 ലിത് 51,79,986 ആയി കുതിച്ചു. മൂന്ന് വര്‍ഷത്തിനിടെ 2,04,352 പേര്‍ പുതുതായി സംഘടനയില്‍ ചേര്‍ന്നു.

ഇതില്‍ യുവതികളുടെ പ്രാതിനിധ്യം വര്‍ധിച്ചതായി സെക്രട്ടറി പി സതീദേവി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പ്. 6,70,664 പേര്‍. തൊട്ടുപുറകില്‍ തൃശൂരാണ്. 5,52,840 പേര്‍. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും അംഗസംഖ്യ വര്‍ധിച്ചു. സംസ്ഥാനത്താകെ 26,168 യൂണിറ്റുകളാണുള്ളത്. 2120 വില്ലേജ് കമ്മിറ്റികളും 209 ഏരിയാ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here