മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; വിട്ടുവീഴ്ച്ചയില്ലാതെ ശിവസേനയും ബിജെപിയും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട ബിജെപി – ശിവസേന സഖ്യത്തിന് പക്ഷെ അധികാരം പങ്കിടുന്ന കാര്യത്തില്‍ ഇരു വിഭാഗവും പ്രകടിപ്പിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവം പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.

മത്സരഫലം പുറത്തു വന്നപ്പോള്‍ സീറ്റുകള്‍ കുറഞ്ഞ ബി ജെ പിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ ശിവസേന തയ്യാറല്ലെന്ന് മാത്രമല്ല മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആദിത്യ താക്കറെ മാത്രമായിരിക്കുമെന്ന പരസ്യ വിളംബരം നടത്തുന്ന ബാനര്‍ താക്കറെയുടെ വീടിന് മുന്‍പില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കയാണ്.  ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഉള്‍പ്പോരാണ് ജനമദ്ധ്യത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്.

ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് കോണ്‍ഗ്രസ്സും ശിവസേനയും കൈകോര്‍ക്കുമെന്ന പ്രചരണവും ശക്തമായി. എന്നാല്‍ കടുവകള്‍ പുല്ലു തിന്നാറില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ്സ് നല്‍കിയ വാഗ്ദാനം ശിവസേന സ്വീകരിക്കില്ലെന്ന വാദവുമായി ബി ജെ പി നേതാവ് സുധീര്‍ മുങ്കാന്തിവര്‍ രംഗത്തെത്തിയത്. ദീപാവലി കഴിഞ്ഞാല്‍ പരസ്പര ധാരണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുധീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തുല്യ കാലയളവില്‍ മന്ത്രിസഭയിലെ പ്രഥമ സ്ഥാനം പങ്കു വയ്ക്കാമെന്ന് ബി ജെ പി നേതൃത്വം രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാകുന്ന കാര്യത്തിലുള്ള തീരുമാനമെന്നാണ് ശിവസേനയും പറയുന്നത്. ബി ജെ പി ശിവസേന കൂട്ടുകെട്ടില്‍ 161 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ നേടിയത്.

ബി ജെ പി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസ്സ് എന്‍ സി പി സഖ്യത്തിന് ലഭിച്ചത് 98 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 145 പേരുടെ പിന്തുണയാണ് ആവശ്യം. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായി ശിവസേന മാറിയതാണ് ബി ജെ പി യെ വെട്ടിലാക്കിയതും താക്കറെ ക്യാമ്പ് നിലപാട് കടുപ്പിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News