ആർസിഇപി കരാർ തിടുക്കത്തിൽ ഒപ്പുവച്ചുകൊണ്ട് ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്; കർഷകർ ഇനിയും ആത്മഹത്യ ചെയ്യണമെന്നാണോ കേന്ദ്ര ഭരണകൂടം ഉദ്ദേശിക്കുന്നത്; വി എസ് സുനിൽ കുമാർ

കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനം :

ദശാബ്ദങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് ചെറുകിട- നാമമാത്ര കർഷകരാണ്‌ രാജ്യത്ത്‌ ആത്മഹത്യ ചെയ്തത്. നവ-ഉദാരവൽക്കരണ, ആഗോളവൽക്കരണ സാമ്പത്തികനയങ്ങളുടെ ഭാഗമായുണ്ടായ സാമൂഹ്യസമ്മർദമാണ് ഇതിനു കാരണം. ഇടയ്ക്കിടെ ഒപ്പുവയ്ക്കുന്ന രാജ്യാന്തര കരാറുകൾ മൂലം ദുരിതത്തിലാകുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളാണ്. വമ്പൻ കുത്തകകൾക്ക് ഒരു പരിക്കുമേൽക്കുന്നില്ല. ആസിയൻ കരാറിനുശേഷം ഇത് കൂടുതൽ പ്രകടമായി. കർഷകവിരുദ്ധ നിലപാടുകളും നയങ്ങളുംമൂലം പാതാളത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്ന കർഷകരെ വീണ്ടും ചവിട്ടിത്താഴ്ത്തുന്നതിനും അവരുടെ ശവക്കുഴി തോണ്ടുന്നതിനുമാണ് രാജ്യാന്തര വ്യാപാര കരാറുകൾ വഴി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ഒപ്പുവയ്‌ക്കാൻ പോകുന്ന ആർസിഇപി കരാർ ഇത്തരം കർഷകവിരുദ്ധ നിലപാടുകളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്.

ഒരുവിധത്തിലുള്ള തുറന്ന ചർച്ചകളും അഭിപ്രായരൂപീകരണവും കൂടാതെ കേന്ദ്ര സർക്കാർ ഒപ്പുവയ്‌ക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) കാർഷികമേഖലയിലും ക്ഷീരമേഖലയിലും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വലുതാണ്. മത്സ്യമേഖലയും വ്യവസായരംഗവും തകർന്നടിയാൻ ഇത് വഴിയൊരുക്കും. സ്വതന്ത്രഭാരതം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും കാർഷിക പ്രതിസന്ധിയുമാണ് ഈ കരാർ മൂലം സംജാതമാകുന്നത്. കാർഷികമേഖലയിൽ ഉൾപ്പെടെ വിദേശനിക്ഷേപം നടത്തുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്നതിനും തൊഴിലാളികളെയും കർഷകരെയും പാപ്പരാക്കുന്നതിനുമുള്ള വ്യവസ്ഥകളും തീരുമാനങ്ങളും ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് അംഗീകരിച്ചുകൊടുക്കാനാകില്ല. കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ടുവച്ച വാഗ്ദാനമായിരുന്നു കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നത്‌. എന്നാൽ, ആർസിഇപി കരാർ ഒപ്പുവയ്ക്കുന്നതിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയല്ല, ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നവംബറിൽ തന്നെ ഈ കരാർ ഒപ്പുവയ്ക്കുമെന്നാണ് മനസ്സിലാക്കുന്നത്. പങ്കാളിത്ത രാജ്യങ്ങളിലെ വാണിജ്യ വകുപ്പ് മന്ത്രിമാരുടെ ചർച്ചകൾ ബാങ്കോക്കിൽ നടന്നുകഴിഞ്ഞു. എന്നാൽ, ഈ കരാറിലെ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്തിനകത്ത് ഉണ്ടായിട്ടില്ലെന്നത് ആശങ്കാജനകമാണ്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ, വേണ്ട ഗൃഹപാഠം ചെയ്യാതെ തിടുക്കത്തിലെടുക്കുന്ന ഈ തീരുമാനം ആത്മഹത്യാപരമാണ്. നാം നേടിയെടുത്ത സാമ്പത്തികസ്വാതന്ത്ര്യം ഉൾപ്പെടെ വിദേശ കുത്തകകൾക്കു മുന്നിൽ അടിയറവയ്‌ക്കാനുള്ള നീക്കം യോജിച്ച പോരാട്ടങ്ങളിലൂടെ ചെറുക്കപ്പെടേണ്ടതാണ്.

ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ആദ്യത്തെ സ്വതന്ത്ര്യ വ്യാപാര കരാറല്ല ആർസിഇപി കരാർ. ഇതുവരെ 17 സ്വതന്ത്രവ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇരുപതോളം കരാർ സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയുമാണ്. ഇറക്കുമതിത്തീരുവ കുറയ്ക്കുകയും ഇറക്കുമതി നിയന്ത്രണം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ കരാറുകളുടെയെല്ലാം പ്രധാന ലക്ഷ്യം. ആസിയൻ കരാർ നമ്മുടെ രാജ്യത്ത് കർഷക ആത്മഹത്യകൾ പെരുകുന്നതിന് ഇടയാക്കിയത് മറക്കാമോ? ഈ കരാറനുസരിച്ച്‌ തായ്‌ലാൻഡ്‌, വിയത്‌നാം, സിംഗപ്പുർ, ഫിലിപ്പീൻസ്, ബർമ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണെ എന്നീ പത്ത് രാജ്യങ്ങൾ തമ്മിൽ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. ഇന്ത്യയിൽ- ആസിയൻ കരാർ ഏറ്റവും ഗുരുതരമായ നിലയിൽ ബാധിച്ചത് കേരളത്തിലെ കർഷകരെയാണ്. കാരണം, കേരളത്തിന്റെ കാർഷിക കാലാവസ്ഥയ്ക്ക് സമാനമായ കലാവസ്ഥയുള്ള രാജ്യങ്ങളാണ് മിക്ക ആസിയൻ രാജ്യങ്ങളും. ഇന്ത്യയും ആസിയൻ രാജ്യങ്ങളും തമ്മിൽ അയ്യായിരത്തിൽപ്പരം ഉൽപ്പന്നങ്ങളുടെ കച്ചവടമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയിൽ വരും. നമുക്ക് ഇവിടെ സുലഭമായ കാർഷികവിളകൾ ഒരു തത്വദീക്ഷയുമില്ലാതെ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ദുരവസ്ഥയുണ്ടായി. ഫലമോ? ഇവിടത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങൾക്ക് വിലയില്ലാതായി. സ്വാഭാവിക റബറിനെയും സുഗന്ധവർഗ വിളകളെയുമാണ് ഈ കരാർ കൂടുതൽ ദോഷകരമായി ബാധിച്ചത്.

സ്വതന്ത്രവ്യാപാര കരാറുകൾ സൃഷ്ടിക്കുന്ന ദുരന്തം വളരെ കാലമായി നേരിടുന്നവരാണ് ഇന്ത്യൻ കർഷക സമൂഹം. അപ്പോഴാണ് നമ്മുടെ സാമ്പത്തികഭദ്രതയ്ക്കും കാർഷികപുരോഗതിക്കുംമേൽ ഡെമോക്ലിസിന്റെ വാൾ പോലെ ആർസിഇപി കരാർ നിൽക്കുന്നത്. എതിർക്കാനുള്ള അവകാശത്തെ, കൂട്ടായി വിലപേശാനുള്ള അവകാശത്തെപ്പോലും കവർന്നെടുക്കുന്ന ഈ കരാർ കർഷകരുടെ “അന്തകവിത്താണ്’. പത്ത് ആസിയൻ രാജ്യങ്ങൾക്കു പുറമെ, ആസിയൻ രാജ്യങ്ങളുടെ വ്യാപാര പങ്കാളികളായ ചൈന, ഓസ്ട്രേലിയ, ജപ്പാൻ, തെക്കൻ കൊറിയ, ന്യൂസിലൻഡ്‌, ഇന്ത്യ എന്നീ രാജ്യങ്ങൾ കൂടി ഈ കരാറിൽ പങ്കാളികളാകും. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളി ചൈനയാണ്.

ലോക വിപണിയുടെ കുത്തക കൈക്കലാക്കാൻ അവർ കാലങ്ങളായി കിണഞ്ഞുശ്രമിച്ചുവരികയുമാണ്. 2004 മുതൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിൽ 26 ശതമാനത്തിലധികം വർധനയുണ്ടായപ്പോൾ, ചൈനയിലേക്ക് ഇന്ത്യയിൽനിന്നുള്ള കയറ്റുമതി കേവലം 13 ശതമാനമാണ് വർധിച്ചത്. നേരത്തെയുണ്ടായിരുന്ന കരാറുകളിൽ ഇറക്കുമതിത്തീരുവ ഗണ്യമായി കുറയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ, ആർസിഇപി കരാറിൽ ഇറക്കുമതിത്തീരുവ പൂജ്യമാക്കണമെന്നതാണ് ആവശ്യം. രാജ്യത്തിന്റെ ഉൽപ്പാദനമേഖലയെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു ഉപാധിയെന്നനിലയിലാണ് ഇറക്കുമതിത്തീരുവയെ കാണേണ്ടത്. ഇറക്കുമതിത്തീരുവ പൂജ്യമാക്കുക എന്നതിനോട് ഇന്ത്യ തത്വത്തിൽ യോജിച്ചിട്ടില്ലെങ്കിലും പങ്കാളിത്തസ്വഭാവമുള്ളതിനാൽ മറ്റു രാജ്യങ്ങളുടെ സമ്മർദത്തിനു വഴങ്ങാനും അതുവഴി നിലവിലെ നിരക്കിൽനിന്ന് ഗണ്യമായി ഇറക്കുമതിത്തീരുവ കുറയ്ക്കാനുമാണ് സാധ്യത.

ക്ഷീരമേഖലയ്‌ക്ക്‌ ദോഷം
നമ്മുടെ ക്ഷീരമേഖലയുടെ നടുവൊടിക്കുന്നതാകും ആർസിഇപി കരാർ. പങ്കാളിത്ത രാജ്യങ്ങളായ ന്യൂസിലൻഡും ഓസ്ട്രേലിയയുമെല്ലാം പാൽ, പാലുൽപ്പന്ന കയറ്റുമതിയുടെ കുത്തകക്കാരാണ്. അവിടങ്ങളിൽനിന്ന് ഒരു നിയന്ത്രണവുമില്ലാതെ, ഏറ്റവും കുറഞ്ഞ ഇറക്കുമതിത്തീരുവയിൽ നമ്മുടെ നാട്ടിലേക്ക് പാലും പാലുൽപ്പന്നങ്ങളും ഒഴുകാൻ തുടങ്ങിയാൽ ഇന്നാട്ടിലെ പാവപ്പെട്ട ക്ഷീരകർഷകരുടെ സ്ഥിതിയെന്താകും? സോയാബീൻ എണ്ണ, ഗോതമ്പ്, മത്സ്യം തുടങ്ങിയവയുടെ മികച്ച കയറ്റുമതി രാജ്യമാണ് ഓസ്ട്രേലിയ. ആസിയൻ രാജ്യങ്ങൾ സ്വാഭാവിക റബർ, അരി, പാമോയിൽ, തേയില, കാപ്പി, കുരുമുളക്, മത്സ്യം എന്നിവയുടെ കയറ്റുമതിക്കാരാണ്. വിയറ്റ്നാമിൽനിന്നുള്ള പൗൾട്രി ഉൽപ്പന്നങ്ങളും നമ്മുടെ കർഷകർക്ക് കൂടുതൽ ഭീഷണിയുയർത്താൻ പര്യാപ്തമാണ്.

ആർസിഇപി കരാർ നടപ്പാകുന്നതോടെ തകർന്നടിയാൻ പോകുന്ന മറ്റൊരു മേഖല വ്യവസായരംഗമാണ്. ആഗോളവൽക്കരണനയങ്ങളുടെ പ്രത്യാഘാതമെന്നനിലയിൽ നമ്മുടെ രാജ്യം ഇപ്പോൾത്തന്നെ വലിയ വ്യാവസായിക പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നും സാമ്പത്തികസ്ഥിരത കൈവരിക്കാൻ എത്രവർഷം കാത്തിരിക്കേണ്ടിവരുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും റിസർവ്‌ ബാങ്ക് ഗവർണർ തന്നെ വ്യക്തമാക്കുകയും ചെയ്‌തു. ആർസിഇപി കരാർ ഒപ്പുവയ്ക്കുകകൂടി ചെയ്യുന്നതോടെ രാജ്യം ഗുരുതരമായ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് പതിക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിമൂലം പത്തുലക്ഷത്തോളം ചെറുകിട- നാമമാത്ര വ്യവസായങ്ങൾ പ്രതിസന്ധിയിലാണ്. ഈ സ്ഥിതി നിലനിൽക്കുമ്പോഴാണ് മേൽസൂചിപ്പിച്ച രാജ്യങ്ങൾകൂടി പങ്കാളികളായ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കുന്നതിന് കേന്ദ്ര സർക്കാർ തിടുക്കംകൂട്ടുന്നത്. ഏറ്റവും കുറഞ്ഞവിലയ്ക്ക് ഏറ്റവും നല്ല മരുന്ന് ലഭിക്കുന്ന രാജ്യമാണ് നമ്മുടേത്. വികസിത രാജ്യങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നമ്മുടെ ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ (ഐപിആർ) മാറ്റം വരുത്തിയാൽ ഇന്ത്യയിലെ മരുന്നുവ്യവസായം തകരുകയും മരുന്നുൽപ്പാദനമേഖലയിലെ കുത്തകകൾ അവർക്ക് തോന്നിയതുപോലെ മരുന്നുവില നിശ്ചയിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്യും.

ഫെഡറൽ സംവിധാനത്തെ തകർക്കുന്നു
ആർസിഇപി കരാർ തിടുക്കത്തിൽ ഒപ്പുവച്ചുകൊണ്ട് ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്? ഇത്തരം രാജ്യാന്തര കരാറുകൾ ഒപ്പുവയ്‌ക്കുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്ര ഭരണകൂടം ഫെഡറൽ സംവിധാനത്തെ മറന്നുപോകുന്നത്? കരാറുകളുടെ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിക്കുന്ന ജനവിഭാഗങ്ങളുമായി ചർച്ച നടത്താൻ എന്തേ തയ്യാറാകുന്നില്ല? ഇവർ ആരുമായിട്ടാണ് ഇത്തരം കരാറുകളെക്കുറിച്ച് ചർച്ച ചെയ്യുന്നത്? ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനകത്ത് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടോ? ആരാണ് ഈ കരാറുകളുടെ വ്യവസ്ഥകൾ ഉണ്ടാക്കുന്നത്? ഇതിൽ ജനാധിപത്യത്തിന് എന്തുപങ്കാണുള്ളത്? തുടങ്ങിയ ഗുരുതരമായ ചോദ്യങ്ങൾ ജനാധിപത്യ സംവിധാനത്തിനകത്ത് ഉയർന്നുവരേണ്ടതുണ്ട്. നിർഭാഗ്യവശാൽ, അതുണ്ടാകുന്നില്ല. ശബ്ദമുയർത്തേണ്ടവരൊന്നും ശബ്ദമുയർത്തുന്നില്ലയെന്നും തടയേണ്ടവരൊന്നും തടയുന്നില്ല എന്നും നാം ഇന്ന് തിരിച്ചറിയുന്നുണ്ട്. ഗുണഭോക്താക്കളെ കേൾക്കാൻ മാത്രമേ സമയമുള്ളൂ. ഗുണഭോക്താക്കൾക്കുവേണ്ടി അവരുമായി മാത്രമാണ് ചർച്ചകൾ നടക്കുന്നത്. ഇരകളെ കേൾക്കാനോ അവരുമായി ചർച്ച നടത്താനോ സമയമില്ല. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക്‌ ഭൂഷണമല്ല. പൊതുസമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമല്ല, ഉത്തരവുകളാണ് ലഭിക്കുന്നത്. ഒപ്പുവച്ച കരാറുകളാണ് ഉണ്ടാകുന്നത്. ഇത് നമ്മുടെ നാടിനെ വിനാശകരമായ പതനത്തിൽ കൊണ്ടുചെന്നെത്തിക്കും. കർഷകർ ഇനിയും ആത്മഹത്യ ചെയ്യണമെന്നാണോ കേന്ദ്ര ഭരണകൂടം ഉദ്ദേശിക്കുന്നത്?

2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റതിനുശേഷം, സ്വതന്ത്രവ്യാപാര കരാറുകളിൽ ഒപ്പുവയ്‌ക്കുന്നതിനുമുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി, കൃഷി മന്ത്രി, ധന മന്ത്രി തുടങ്ങിയവർക്ക് പലതവണ കത്തയക്കുകയും നേരിൽക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ കാർഷിക,- വ്യാവസായിക-, മൃഗസംരക്ഷണ,- ക്ഷീരവികസന, -മത്സ്യമേഖലകളെ സംരക്ഷിക്കുന്നതിനാവശ്യമായ ഉപാധികൾ കരാറിൽ ഉൾപ്പെടുത്തണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഇറക്കുമതി ക്രമാതീതമാകുന്ന സാഹചര്യത്തിൽ ഇടപെട്ടു തടയുന്നതിനുള്ള ഓട്ടോ ട്രിഗർ സംവിധാനം ഉറപ്പാക്കണം. ഇനിയെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങളോട് കൂടുതൽ ഉദാരവും അനുഭാവപൂർണവുമായ സമീപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News