ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ. പ്രവർത്തകസമിതി അംഗങ്ങളായ ഉത്താരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഹരീഷ്‌ റാവത്തും മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദയുമാണ്‌ സംഘപരിവാർ അനുകൂല നിലപാട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സോണിയ വിളിച്ചുചേർത്ത ഉന്നതനേതാക്കളുടെ യോഗത്തിലായിരുന്നു ഇത്‌. ദേശീയ മാധ്യമങ്ങളോടും ഇരുവരും ഈ നിലപാട്‌ ആവർത്തിച്ചു.

ഹിന്ദുവെന്ന നിലയിൽ രാമക്ഷേത്രം നിർമിച്ചുകാണാൻ ആഗ്രഹമുണ്ടെന്നും കോടതി ഉത്തരവ്‌ എന്തായാലും പാലിക്കപ്പെടണമെന്നും ജിതിൻ പ്രസാദ പറഞ്ഞു.
“കോൺഗ്രസ്‌ ഇതിനെ ഭൂമിതർക്കമായാണ്‌ കാണുന്നത്‌. കോൺഗ്രസ്‌ രാമക്ഷേത്രം പണിയാൻ നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ, ബിജെപി രാഷ്ട്രീയം കളിച്ചു. വിഷയം സങ്കീർണമാക്കി. രാമക്ഷേത്രം പണിയണമെന്നുതന്നെയാണ്‌ എല്ലാ ഇന്ത്യക്കാരും പറയുക. മുസ്ലിം സഹോദരങ്ങളും ഇതുതന്നെ പറയും. എല്ലാവർക്കും അംഗീകരിക്കാനാകുന്ന തീരുമാനം കോടതിയെടുക്കും’–- റാവത്ത്‌ പറഞ്ഞു.

നേരത്തെ കശ്‌മീർ, മുത്തലാഖ്‌, പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളിലും ചില കോൺഗ്രസ്‌ നേതാക്കൾ ബിജെപി അനുകൂല നിലപാട്‌ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ്‌ ദേവ്‌റ തുടങ്ങിയവർ ജമ്മു -കശ്‌മീരിനെ വിഭജിച്ചതിനെ പിന്തുണച്ചിരുന്നു.

ഇത്തരം വിഷയങ്ങളിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നതിനെത്തുടർന്നാണ്‌ സോണിയ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്‌. യോഗശേഷവും ഭിന്നസ്വരം തുടരുകയാണ്‌. രണ്ടാഴ്‌ചക്കകം അയോധ്യ കേസിൽ വിധി പുറപ്പെടുവിക്കും.