വർഗബോധത്തിന്റെ കരുത്തിൽ ജീവരക്തംകൊണ്ട‌് വീരേതിഹാസം രചിച്ച രണധീരൻമാരുടെ ഓർമ പുതുക്കാൻ നാടൊന്നാകെ വയലാറിൽ സംഗമിച്ചു. ഞായറാഴ‌്ച എല്ലാ വഴികളും വയലാറിലേക്കായിരുന്നു. വിദ്യാർഥികളും യുവാക്കളും വിവിധ മേഖലകളിലെ തൊഴിലാളികളുമുൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ ചെങ്കൊടികളുമേന്തി എത്തിയത്‌ ഒരേ ഹ‌ൃദയവികാരത്തോടെ. അന്യദേശങ്ങളിൽനിന്നുപോലും അനേകമാളുകൾ കൂട്ടമായി ഒഴുകിയെത്തി. നാടിന്റെ സ്വാതന്ത്ര്യവും തൊഴിലാളികളുടെ അവകാശവും നേടിയെടുക്കാനും ജന്മിത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാനും സംഘടിതതൊഴിലാളിവർഗം നടത്തിയ പോരാട്ടത്തിന്റെ ഓർമകൾ പുതിയ സമരങ്ങൾക്ക്‌ ഊർജമാകുമെന്ന്‌ അവർ ഉറക്കെ പ്രഖ്യാപിച്ചു.

ധീര രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വയലാർ രക്തസാക്ഷിമണ്ഡപത്തിലേക്ക‌് രാവിലെമുതൽതന്നെ പ്രകടനങ്ങൾ എത്തിത്തുടങ്ങി. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ സമരസേനാനി കെ കെ ഗംഗാധരനും കൊളുത്തിനൽകിയ ദീപശിഖകൾ 11.30 ന്‌ വയലാറിലെത്തി. വാദ്യമേളങ്ങളുടെയും ദ‌ൃശ്യകലാ പരിപാടികളുടെയും അകമ്പടിയോടെ രണ്ട്‌ ദീപശിഖാ റിലേകളും വയലാറിലെത്തിയതോടെ വൻജനമുന്നേറ്റമായി.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ദീപശിഖകൾ ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തിൽ സ്ഥാപിച്ചു. മന്ത്രിമാരായ തോമസ‌് ഐസക‌്, ജി സുധാകരൻ, പി തിലോത്തമൻ, സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ‌്, എ എം ആരിഫ‌് എംപി, സജി ചെറിയാൻ എംഎൽഎ, സി ബി ചന്ദ്രബാബു, പി പ്രസാദ‌് എന്നിവരും സമരസേനാനികളും കുടുംബാംഗങ്ങളുമടക്കം വൻജനാവലി പുഷ‌്പാർച്ചനയിലും പ്രകടനത്തിലും പങ്കെടുത്തു.

പകൽ മൂന്നിന്‌ രക്തസാക്ഷിനഗറിൽ വയലാർ രാമവർമ അനുസ്‌മരണ സമ്മേളനത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാക‌ൃഷ്‌ണൻ, അഡ്വ. എ ഷാജഹാൻ, വിദ്വാൻ കെ രാമക‌ൃഷ‌്ണൻ, വിപ്ലവഗായിക പി കെ മേദിനി, ടി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

പുന്നപ്ര–വയലാർ 73-ാം വാർഷിക വാരാചരണത്തിന്‌ സമാപനംകുറിച്ച്‌ വൈകിട്ട‌് പൊതുസമ്മേളനത്തിൽ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി തോമസ് ഐസക്‌, കെ ഇ ഇസ്‌മയിൽ, ടി പുരുഷോത്തമൻ, ആർ നാസർ, പി തിലോത്തമൻ, സി ബി ചന്ദ്രബാബു, പി പ്രസാദ്, ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി, ആർ രാജേഷ‌് എംഎൽഎ എന്നിവർ സംസാരിച്ചു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി കെ സാബു സ്വാഗതം പറഞ്ഞു.