വൈക്കം വിശ്വന് ഇന്ന് എൺപതാം പിറന്നാൾ. അദ്ദേഹത്തിന്റെ ലളിത സ്വഭാവം പോലെയാണ് തന്നെ ആഘോഷങ്ങളും. രാവിലെ എട്ടിന് കോട്ടയം കുടയംപടിയിലെ വീട്ടിൽ ഭാര്യ ഗീത ടീച്ചർക്കൊപ്പം കേക്ക് മുറിച്ചു. അയൽപക്കകാരും പിന്നെ പാർട്ടി പ്രവർത്തകരുടെയുടെയും സാന്നിധ്യത്തിലായിരുന്നു കേക്ക് മുറിച്ചത്. തുടർന്ന് ചികിത്സക്കായി പാലായിലെ ആശുപത്രിയിലേക്ക് പോയി. ഉച്ചകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തും. ആശംസകളുമായി വീട്ടിൽ വരുന്നവരെ ചായ നൽകി സത്കരിക്കും.

പിറന്നാൾ ആഘോഷങ്ങളിൽ അൽപ്പം പിശുക്കു കാണിക്കുമെങ്കിലും പ്രത്യയശാസ്ത്ര നിലപാടുകൾ പിശുക്കു കാണിക്കാതെ ഉയർത്തിപ്പിടിക്കുന്ന കാർക്കശ്യക്കാരൻ കൂടിയാണ് എല്ലാവരുടെയും വിശ്വേട്ടൻ. മക്കളോടൊപ്പമുള്ള പിറന്നാൾ ആഘോഷത്തെക്കുറിച്ച് ചോദിച്ചാൽ; മകൻ നവീൺ ദുബായിലാണ്. ഡിസംബറിൽ എത്തും. ബാംഗ്ലുരിലുള്ള മകൾ നിഷയും അപ്പോൾ വരും. എല്ലാരും കൂടുമ്പോൾ വേണമെങ്കിൽ പിറന്നാൾ ആഘോഷിക്കാമെന്ന് വൈക്കം വിശ്വൻ പറയും.

1939 ഒക്ടോബർ 28 നാണ് പി വിശ്വനാഥൻ നായരെന്ന വൈക്കം വിശ്വന്റെ ജനനം. ‘പത്മനാഭൻ നായരും കാർത്ത്യായനി അമ്മയുമാണ് മാതാപിതാക്കൾ. തീപ്പൊരി പ്രാസംഗികനായ, വൈക്കം വിശ്വൻ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. ബന്ധുവായ എം പി ഗോവിന്ദൻ നായർക്കെതിരെ പ്രസംഗിക്കാനാണ് കോട്ടയത്തെത്തിയതും, പിന്നീട് കുടയംപടിയിൽ സ്ഥിരതാമസമാക്കി.

പി വിശ്വനാഥൻ നായർ എന്ന പേര് വൈക്കം വിശ്വനെന്ന പേരിലേക്ക് മാറുന്നതും ഈ യാത്രയിലാണ്. ഏറ്റവും കൂടുതൽ കാലം ഇടതുമുന്നണിയുടെ അമരക്കാരനായിരുന്നതിന്റെ റെക്കോർഡും വൈക്കം വിശ്വന് സ്വന്തം.
പിന്നിട്ട പ്രവർത്തന പന്ഥാവിൽ അദ്ദേഹം നിരവധി സംഘടനകളുടെ അമരക്കാരനായി. പാർട്ടി കേന്ദ്ര കമ്മറ്റിയംഗമെന്ന നിലയിൽ ഇപ്പോഴും കർമ്മപഥത്തിൽ സജീവമാണ് വൈക്കം വിശ്വൻ.