വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി; കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീല്‍ അടക്കം കേസിന്റെ തുടര്‍ നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ശിക്ഷിക്കപ്പെടാത്തത് ഗൗരവതരമാണ്. പൊലീസിന്റെ വീഴ്ചയാണോ പ്രോസിക്യൂഷന്റെ പരാജയമാണോ എന്ന് പരിശോധിക്കും. കേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിച്ച് തീരുമാനിക്കാമെന്നും മനുഷ്യത്വവും നീതിയും പരിഗണിച്ച് തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബലാത്സംഗം, പട്ടികജാതി നിരോധന നിയമം, പോക്‌സോ എന്നിവ കേസില്‍ ഉപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി.

സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി വിഭാഗം എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കേസ് പൊലീസും സര്‍ക്കാരും അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസില്‍ സിബിഐ അന്വേഷണം സഭയില്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതെ ആവശ്യത്തില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലും സ്പീക്കറുടെ ഡയസിന് മുകളില്‍ കയറിയും പ്രതിഷേധിച്ചു. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News