നൂറിന് നേരെ നടന്നത് കയ്യേറ്റമല്ല; സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്

മലപ്പുറം: പൊതുജനമധ്യ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയേറ്റശ്രമം നടന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രക്ഷിതാക്കള്‍.

നൂറിന്റെ മാതാപിതാക്കള്‍ പറയുന്നത് ഇങ്ങനെ:

”മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് നൂറിന്‍. സംഘാടകര്‍ അറേഞ്ച് ചെയ്ത് തന്ന ഹോട്ടലില്‍ നാല് മണിക്ക് തന്നെ ഞങ്ങള്‍ എത്തിയിരുന്നു.

എന്നാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍ കുറച്ചുകൂടി ആളുകള്‍ എത്തിയിട്ട് ഉദ്ഘാടനം മതി, നിങ്ങള്‍ ആറുമണി വരെ കാത്തിരിക്കാന്‍ പറഞ്ഞു.

എന്നാല്‍ അവിടെ മൂന്നരയായപ്പോള്‍ തന്നെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. ആറുമണിക്ക് അവിടെ എത്തിയപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ജനങ്ങള്‍ കാത്തിരുന്ന് മുഷിഞ്ഞു.

നൂറിനെ കണ്ടതോടെ അവര്‍ രോഷാകുലരായി. ആകെ നാല് ബൗണ്‍സര്‍മാര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കും മാറ്റി കടയില്‍ കയറിയപ്പോള്‍ ആറര മണിയായി.

നൂറിനെ കടയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയ്ക്ക് ആരുടെയോ കൈ മൂക്കില്‍ ആഞ്ഞുകൊണ്ടതാണ്. തിരക്കിനിടയ്ക്ക് അപ്രതീക്ഷിതമായിട്ടുള്ള ഇടിയായിരുന്നു. അതിനാലാണ് നൂറിന്‍ കരഞ്ഞത്. വേദന സഹിക്കാന്‍ പറ്റിയില്ല. അല്ലാതെ കയ്യേറ്റശ്രമം ഒന്നും ഉണ്ടായിട്ടില്ല.

ഞങ്ങളുടെ കാറിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഉദ്ഘാടനത്തിന് ക്ഷണിച്ചവരുടെ പിഴവ് മൂലം സംഭവിച്ച പ്രശ്‌നമാണ്. അവര്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല. രണ്ട് ദിവസം മുന്‍പ് മഞ്ചേരിയില്‍ മറ്റൊരു ഷൂട്ടിങ്ങും ഉണ്ടായിരുന്നു.

അന്നും ഇതുപോലെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. അത് മനസിലാക്കി വേണ്ട സുരക്ഷ ഒരുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. കാറിന്റെ കേടുപാടുകള്‍ ശരിയാക്കി തരാമെന്ന് സംഘാടകര്‍ പറഞ്ഞിട്ടുണ്ട്. നൂറിനെ ഡോക്ടറെ കാണിച്ചു, ചെറിയ ചതവ് മാത്രമേയുള്ളൂ. വേറെ പ്രശ്‌നങ്ങളൊന്നുമില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here